ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഏഴ് അറബ് രാജ്യങ്ങൾ. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ പ്രത്യേക ടെലിഫോൺ ചർച്ചകൾ നടത്തി. മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരം കാണുന്നതിനാണ് രാജ്യങ്ങൾ മുൻഗണന നൽകുന്നത്.
ബഹ്റൈന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വ്യോമാക്രമണ ശ്രമമുണ്ടായതിന് പിന്നാലെയാണ് അറബ് രാജ്യങ്ങൾ ഉന്നതതല കൂടിയാലോചനകൾ ഊർജ്ജിതമാക്കിയത്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കാനും മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്ന സമഗ്ര കരാറിലെത്താനുമുള്ള നീക്കങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണ ആവർത്തിച്ചു.
ഇതിന് പുറമെ ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയുമായി ഖത്തർ പ്രധാനമന്ത്രിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയും പ്രത്യേക ആശയവിനിമയം നടത്തി. ബഹ്റൈന് നേരെയുണ്ടായ ആക്രമണ ശ്രമങ്ങളെ ശക്തമായി അപലപിച്ച ജോർദാൻ, ബഹ്റൈന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയുമായും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കി രാഷ്ട്രീയ പരിഹാരങ്ങളിലൂടെ സംഘർഷം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സമുദ്ര പാതകൾ സംരക്ഷിക്കുന്നതിനും ഇരുരാജ്യങ്ങളും ഊന്നൽ നൽകി. ആഗോള എണ്ണ-ഊർജ്ജ വിപണിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി അന്താരാഷ്ട്ര വ്യാപാരത്തെയും ഗൾഫ് സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് അറബ് രാജ്യങ്ങൾ.
Content Highlights: Six Arab countries have intensified diplomatic consultations amid growing security concerns in the Middle East. Foreign ministers and senior officials from the UAE, Qatar, Oman, Bahrain, Jordan and Egypt held separate telephone discussions on November 17, 2026.