ദുബായില്‍ നിന്ന് ബഹ്‌റൈന്‍ വഴി റിയാദിലേക്ക്; സൗദിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടില്‍

റിയാദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെ വിമാനത്താവളം അടച്ചിട്ടത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബുദ്ധിമുട്ടിലായി വിമാന യാത്രികര്‍. യുഎഇയില്‍ നിന്നും റിയാദിലേക്കുള്ള യാത്രയാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. റിയാദിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ തന്നെ റോഡ് മാര്‍ഗമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് വിമാന മാര്‍ഗം പോകുകയോ ആണ് യാത്രക്കാര്‍ ചെയ്യുന്നത്. ദമാം വഴിയും ബഹ്‌റൈന്‍ വഴിയും റിയാദിലേക്ക് എത്താന്‍ ശ്രമിക്കുന്നവരുമുണ്ട്.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെ വിമാനത്താവളം അടച്ചിട്ടത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിപ്പിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ റിയാദിലേക്ക് പോകേണ്ടവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. എന്നാല്‍ വിമാനസര്‍വീസ് സാധാരണഗതിയിലായതിന് ശേഷം യാത്ര തിരിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരുമുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെ ഒരാഴ്ചയ്ക്കിടെ സൗദിയിലേക്കും തിരിച്ചും റദ്ദാക്കിയത് 3000ത്തോളം വിമാന സര്‍വീസുകളാണ്. ഇന്നലെ സൗദിയില്‍ നിന്ന് പുറപ്പെടേണ്ട 1097 വിമാനങ്ങളില്‍ 313 എണ്ണമാണ് റദ്ദാക്കിയത്. ഒക്ടോബര്‍ 13ന് പുറപ്പെടേണ്ടിയിരുന്ന 1058 വിമാനങ്ങളില്‍ 556 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ 12ന് മാത്രം 1048 വിമാനങ്ങളില്‍ 632 എണ്ണമാണ് റദ്ദാക്കിയത്. അതായത് സര്‍വീസ് നടത്തേണ്ട വിമാനങ്ങളില്‍ 60 ശതമാനവും റദ്ദാക്കി. ഒക്ടോബര്‍ എട്ട് മുതല്‍ 14വരെ 3100ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. സര്‍വീസ് നടത്തേണ്ട വിമാനങ്ങളില്‍ 40 ശതമാനവും ഇക്കാലയളവില്‍ റദ്ദാക്കി.

ഒക്ടോബര്‍ എട്ടിന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 10ന് നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 11ന് നടത്തിയ ആക്രമണത്തില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഒക്ടോബര്‍ 17 വരെ കിങ് ഖാലിദ് വിമാനത്താവളം അടച്ചിരിക്കുകയാണ്.

Content Highlights:

To advertise here,contact us