2026ലെ ആഭ്യന്തര സൂപ്പർ കപ്പ് കുവൈത്തിൽ നടക്കുമെന്ന് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ എട്ടാമത്തെ വേദിയാണ് കുവെെറ്റ്. മക്ക, റിയാദ്, ജിദ്ദ, അബ, ലണ്ടൻ, അബുദാബി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു സൗദി കപ്പിന്റെ മുൻ പതിപ്പുകൾ നടന്നിരുന്നത്. ഡിസംബർ 19,20 തീയതികളിൽ സെമി ഫെെനൽ മത്സരങ്ങളും ഡിസംബർ 23ന് ഫെെനൽ മത്സരവുമാണ് കുവെെറ്റിൽ നടക്കുക. ജാബിർ അൽ അഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
അൽ നസർ, അൽ അഹ്ലി, അൽ ഖാദസിയ, അൽ ഖുലൂദ് എന്നീ നാല് സൗദി ക്ലബ്ബുകളാണ് അന്തിമ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.
മത്സരത്തിന് മുന്നോടിയായി കുവെെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (T-1) നവംബറിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അറിയിച്ചു. സൗദിയിൽ നിന്നുള്ള ആരാധകരുടെ വരവ് സുഗമമാക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ ഒരുക്കങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു. നുവെെസീഹ് അതിർത്തിയിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനായി 20 ബൂത്തുകളായി ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുത്ത താരങ്ങളെയും ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെ ബയോമെട്രിക് വിരലടയാള നടപടികളിൽ നിന്ന് ഒഴിവാക്കും. ഇവരുടെ പ്രവേശനവും മടക്കയാത്രയും സുഗമമാക്കാൻ പ്രത്യേക തിരിച്ചറിയൽ കാർഡുകളും നൽകും.
കായികമേഖലയുടെ വികസനത്തിനൊപ്പം കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആരാധകരെ രാജ്യത്തേക്ക് ആകർഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നത്. കുവെെറ്റും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ് ടൂർണമെന്റിന്റെ ആതിഥേയത്വമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണം ശക്തിപ്പെടുത്താനും പ്രധാന കായിക മേളകളുടെ കേന്ദ്രമായി കുവെെറ്റിനെ വളർത്താനും സഹായിക്കുന്ന പരിപാടികൾക്ക് പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: Kuwait will host the 2026 Saudi Super Cup from December 19 to 23 at Jaber Al Ahmad International Stadium, featuring four Saudi clubs.