ഏഷ്യയിലെ എണ്ണശേഖരം ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും; ജപ്പാന്റെ പദ്ധതിക്ക് പിന്തുണ

എണ്ണ സംഭരണശേഷി വർധിപ്പിക്കാനും വിതരണ തടസ്സങ്ങളെ നേരിടാനുള്ള ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മന്ത്രിതല പ്രവർത്തന പദ്ധതിക്കും യോഗത്തിൽ അംഗീകാരം നൽകി

ഏഷ്യയിലെ എണ്ണവിതരണവും തന്ത്രപ്രധാന എണ്ണശേഖരവും ശക്തിപ്പെടുത്താനുള്ള ജപ്പാന്റെ പദ്ധതിക്ക് പിന്തുണയുമായി സൗദി അറേബ്യയും യുഎഇയും. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ വിപണിയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇന്നലെ (ഒക്ടോബർ 8) ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഏഷ്യ സീറോ എമിഷൻ കമ്മ്യൂണിറ്റിയുടെ (AZEC) പ്രത്യേക യോഗത്തിൽ സൗദി അറേബ്യയുടെയും യുഎഇയുടെയും പ്രതിനിധികൾ പങ്കെടുത്തു.

ജപ്പാൻ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 11 പങ്കാളി രാജ്യങ്ങളിലെ (Partner countries) മന്ത്രിമാർ എണ്ണവാങ്ങൽ, അടിയന്തര എണ്ണശേഖരം എന്നിവയുമായി ബന്ധപ്പെട്ട സഹകരണം ചർച്ച ചെയ്തു. ഏഷ്യയിലെ എണ്ണശേഖരണ ശേഷി വർധിപ്പിക്കുന്നതിന് സഹകരിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചതായി ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ സഹമന്ത്രി തകാഗി കെ (Takagi Kei) പറഞ്ഞു. എണ്ണ സംഭരണശേഷി വർധിപ്പിക്കാനും വിതരണ തടസ്സങ്ങളെ നേരിടാനുള്ള ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മന്ത്രിതല പ്രവർത്തന പദ്ധതികൾക്കും യോഗത്തിൽ അംഗീകാരം നൽകി.

ഫെബ്രുവരി അവസാനം ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സങ്ങളും ആഗോള ഊർജവിപണിയെ ബാധിച്ചതോടെയാണ് ഏഷ്യയുടെ എണ്ണവിതരണ സുരക്ഷ ശക്തിപ്പെടുത്താനുള്ള നീക്കം സജീവമായത്.

Content Highlights: UAE and Saudi Arabia have expressed support for Japan’s initiative to strengthen oil reserves and improve energy security across Southeast Asia

To advertise here,contact us