സൗദി അറേബ്യയിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയൻ, സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടും തെക്കൻ ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്കെതിരെയും ഹൂതികൾ തുടരുന്ന ആക്രമണ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.
ഹൂതികളുടെ തുടർച്ചയായ ഇത്തരം നടപടികൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള പൂർണ ഐക്യദാർഢ്യം യുഎഇ ആവർത്തിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസെെലാക്രമണം നടത്തിയെന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഹൂതി സെെനിക വക്താവ് യഹ്യ സരീ സമൂഹ മാധ്യമ അക്കൗണ്ടായ എക്സിൽ അറിയിച്ചു. അതേസമയം റിയാദിന് വടക്കു ഭാഗത്ത് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസെെൽ സഖ്യസേന വിജയകരമായി തകർത്തതായി സാദി സഖ്യസേന വക്താവി മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ഹൂതികൾ അയച്ച മിസെെൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുതന്നെ തകർക്കാൻ സെെന്യത്തിന് സാധിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കി ഹൂതികൾ അയച്ച മറ്റൊരു ബാലിസ്റ്റിക് മിസെെലും സെെന്യം തടഞ്ഞു നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസെെൽ സനയ്ക്ക് മുകളിലുള്ള ആകാശത്ത് മിസെെൽ വിക്ഷേപണ സംവിധാനത്തെ തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ വഴി നിരീക്ഷിച്ചു വരികയാണെന്നും അത് നശിപ്പിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.
Content Highlights: UAE condemned continued Houthi actions targeting Saudi Arabia and reaffirmed its support for the Kingdom’s security and stability.