22 വർഷത്തെ കാത്തിരിപ്പിന് വിരാമം; യുഎഇയെ തോൽപ്പിച്ച് സൗദി അറേബ്യക്ക് ഗൾഫ് കപ്പ് കിരീടം

കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങളാണ് സൗദി കാഴ്ചവെച്ചത്.

ഗൾഫ് കപ്പ് ഫുട്ബോളിന്റെ കലാശപ്പോരിൽ യുഎഇയെ പരാജയപ്പെടുത്തി സൗദി അറേബ്യയ്ക്ക് കിരീടം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആതിഥേയരായ സൗദി അറേബ്യ യുഎഇയെ കീഴടക്കിയത്. ഇതോടെ 22 വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സൗദി അറേബ്യ നാലാമത് ഗൾഫ് കപ്പ് കിരീടത്തിൽ മുത്തമിട്ടു.

കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങളാണ് സൗദി കാഴ്ചവെച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റിൽ വിംഗർ ഹമ്മാം അൽ ഹമ്മാമിയിലൂടെയാണ് സൗദി ആദ്യ ഗോൾ നേടിയത്. ബോക്‌സിന് വെളിയിൽ നിന്ന് അൽ ഹമ്മാമി തൊടുത്ത ഷോട്ട് എതിർ താരത്തിന്റെ ശരീരത്തിൽ തട്ടി വലയിൽ കയറുകയായിരുന്നു. തുടർന്ന് രണ്ട് മിനിറ്റിനകം (13-ാം മിനിറ്റിൽ) ഫെരാസ് അൽ ബ്രികാൻ ക്ലോസ് റേഞ്ചിൽ നിന്ന് സൗദിയുടെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ സാലിഹ് അബു അൽഷാമതിന്റെ ഒരു ഷോട്ട് ബാറിലിടിച്ച് മടങ്ങിയതും സൗദിയുടെ ആക്രമണ മികവിന് തെളിവായി.

മറുഭാഗത്ത്, ആദ്യ പകുതിയുടെ 38-ാം മിനിറ്റിൽ യുഎഇക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും വിഎആർ (VAR) പരിശോധനയിൽ റഫറി അത് റദ്ദാക്കി. രണ്ടാം പകുതിയിൽ യുഎഇയുടെ സുൽത്താൻ ആദിലിന്റെ മികച്ചൊരു ശ്രമം സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസ് തടഞ്ഞു. 88-ാം മിനിറ്റിൽ യുഎഇ താരം ഫാബിയോ ലിമയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയതോടെ സൗദിക്കെതിരെ ഒരു ഗോൾ പോലും നേടാൻ യുഎഇക്ക് സാധിച്ചില്ല. ടൂർണമെന്റിലുടനീളം ഒരു ഗോൾ പോലും വഴങ്ങാതെയാണ് സൗദി ചാമ്പ്യന്മാരായത്.

Content Highlights: Saudi Arabia defeated the United Arab Emirates 2-0 in the 27th Gulf Cup final in Jeddah, securing their fourth Gulf Cup title and their first since 2004. Hammam Al Hammami and Feras Al Brikan scored early goals as Saudi Arabia completed the tournament without conceding a goal.

To advertise here,contact us