കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങളും ഈജിപ്തും രംഗത്ത്. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സൗദി, യുഎഇ, ഖത്തർ, ഈജിപ്ത് രാജ്യങ്ങൾ വ്യക്തമാക്കി.
കുവൈറ്റിനും ബഹ്റൈനും നേരെയുണ്ടായ ഇറാനിയൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ നടപടിയെ 'ക്രൂരമായ ആക്രമണം' എന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ, ഇത്തരം പ്രകോപനങ്ങൾ മേഖലയെ അസ്ഥിരതയിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകി. ന്യായീകരിക്കാനാകാത്ത ഈ ആക്രമണം ഗൾഫ് മേഖലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഖത്തറും കുറ്റപ്പെടുത്തി.
അപകടകരമായ ഈ സാഹചര്യത്തിൽ കുവൈറ്റ്, ബഹ്റൈൻ ജനതയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഈജിപ്ത് അറിയിച്ചു. സുപ്രധാന സ്ഥാപനങ്ങളും പ്രവിശ്യകളും സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ജിസിസി സഖ്യം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിലെ സമാധാനം നിലനിർത്താൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും നയതന്ത്ര പ്രസ്താവനകൾ ആവശ്യപ്പെടുന്നു.
പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വീണ്ടും സങ്കീർണ്ണമാക്കി കുവൈറ്റിനും ബഹ്റൈനും എതിരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ്. മിസൈല് ആക്രമണം പ്രതിരോധിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയാണ് പ്രത്യാക്രമണമെന്ന് ഇറാനും വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ യുഎസ് അകമ്പടിയോടെയെത്തിയ വാണിജ്യ കപ്പലുകൾ ഇറാൻ തടഞ്ഞതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം. യുഎസ് കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണം അമേരിക്ക പരാജയപ്പെടുത്തുകയും പകരം ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ഇതിൽ ആറെണ്ണവും തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അമേരിക്കൻ താവളങ്ങളായിരുന്നു ലക്ഷ്യമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും സ്ഥിരീകരിച്ചു.
Content Highlights: The Gulf Cooperation Council (GCC) member states and Egypt have strongly denounced Iran's reported attacks against Kuwait and Bahrain. The countries emphasized the need to preserve regional security, protect sovereignty, and prevent further escalation in West Asia.