പശ്ചിമേഷ്യൻ യുദ്ധസാഹചര്യം; ഗള്‍ഫ് തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്

എണ്ണവില ഉയരുന്നതും ഗതാഗത തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം കമ്പനികളുടെ ചെലവ് കൂടും

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒ മുന്നറിയിപ്പ് നല്‍കി. ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലിയെയും വരുമാനത്തെയും ഇത് ബാധിച്ചേക്കാം. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണം, ഗതാഗതം, വ്യാപാരം, സേവനം തുടങ്ങിയ മേഖലകളില്‍ തിരിച്ചടി ഉണ്ടാകും. ഈ മേഖലകളിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പ്രവാസികളും ജോലി ചെയ്യുന്നത്.

എണ്ണവില ഉയരുന്നതും ഗതാഗത തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം കമ്പനികളുടെ ചെലവ് കൂടും. ഇതോടെ പുതിയ നിയമനങ്ങള്‍ കുറയുന്നതിനൊപ്പം ചില മേഖലകളില്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങുകയും ചെയ്യാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷവും 2027ലും ലോകത്താകമാനം കോടിക്കണക്കിന് ആളുകളുടെ വരുമാനം കുറയാന്‍ ഈ പ്രതിസന്ധി കാരണമായേക്കാം.

ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികളിലുള്ള ആശ്രയം കുറച്ചാല്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിലും കുറവുണ്ടാകും. കോവിഡ് കാലത്തെ പോലെ വലിയ സാമ്പത്തിക ആഘാതം നിലവിലെ പ്രതിസന്ധിയും സൃഷ്ടിച്ചേക്കാമെന്നാണ് ഐ.എല്‍.ഒയുടെ മുന്നറിയിപ്പ്. മധ്യപൂര്‍വ്വേഷ്യയിലെ സ്ഥിതി ദീര്‍ഘകാലം തുടരുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരിക പ്രവാസി തൊഴിലാളികളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: The United Nations has expressed concern that escalating conflict in West Asia may negatively impact Gulf economies and the employment sector. The warning raises concerns among expatriate workers, including thousands of Malayalis employed across Gulf countries.

To advertise here,contact us