വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ​ഗൾഫിൽ ഇറാൻ ആക്രമണം; കുവൈറ്റിൽ വൈദ്യുതി മുടങ്ങി

കുവൈറ്റിനെതിരായ ആക്രമണത്തിൽ ഏഴ് പ്രധാന വിതരണ ലൈനുകൾ തകരാറിലായി.

പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയും ​ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. തുടർച്ചയായ 25-ാം ദിവസവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണ നീക്കങ്ങൾ തുടരുകയാണ്. കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. കുവൈറ്റിലെ വൈദ്യുതി വിതരണ ശൃംഖലകളെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ പ്രധാന ആക്രമണം. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു.

കുവൈറ്റിനെതിരായ ആക്രമണത്തിൽ ഏഴ് പ്രധാന വിതരണ ലൈനുകൾ തകരാറിലായി. ഇതേത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് ജല, വൈദ്യുതി, പുനരുപയോഗ ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. തകരാറുകൾ പരിഹരിക്കാൻ അടിയന്തര സംഘങ്ങൾ 24 മണിക്കൂറും കർമനിരതരാണെന്നും വൈദ്യുതി വിതരണം എത്രയും വേഗം പുനസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

സൗദി അറേബ്യയെ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തി. വിക്ഷേപിച്ച രണ്ട് മിസൈലുകളിൽ ഒന്ന് ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതിനാൽ വൻ അപകടം ഒഴിവായി. ബഹ്‌റൈന് നേരെ നടന്ന ആക്രമണ ശ്രമങ്ങളെ സുരക്ഷാ സേന ശക്തമായി പ്രതിരോധിച്ചതായി അധികൃതർ വ്യക്തമാക്കി.

അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി അറേബ്യക്ക് പിന്തുണയുമായി ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഗ്രീസ് രാജ്യങ്ങള്‍ രംഗത്തെത്തി. മൂന്ന് രാജ്യങ്ങളിലെയും ഭരണാധികാരികള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി. സൗദിക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ബെല്‍ജിയം എക്യദാര്‍ഢ്യം അറിയിക്കുന്നതായി ഫിലിപ്പ് രാജാവ് പറഞ്ഞു.

സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബെല്‍ജിയം പിന്തുണയും അറിയിച്ചു. നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്‍ ഇറാന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് സൗദിക്കെതിരെയുള്ള ആക്രമണങ്ങളില്‍ രാജ്യത്തിന്റെ ആശങ്ക പങ്കുവെച്ചു. സൗദി സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ക്ക് ഗ്രീസിന്റെ പൂര്‍ണ പിന്തുണയും ഗ്രീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Iran launched fresh attacks in the Gulf region despite a ceasefire announcement, triggering power outages in Kuwait and raising regional tensions.

To advertise here,contact us