ചെറിയ പെരുന്നാള്‍ ദിനത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എതിരെ ഇറാന്റെ ആക്രമണം. തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈറ്റിലെ എണ്ണശുദ്ധീകരണശാലയില്‍ തീപിടിച്ചു. ഇറാനിലെയും ലെബനനിലെയും ഹിസ്ബുള്ള ശൃംഖലയിലെ അംഗങ്ങളായ അഞ്ച് പേര് യുഎഇയില്‍ അറസ്റ്റിലായി. അതിനിടെ ഇറാനില്‍ യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്സ് വക്താവ് കൊല്ലപ്പെട്ടു.
തുടര്‍ച്ചയായ 21-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് കുവൈറ്റിലെ മില അല്‍ അഹ്മദി റിഫൈനറിക്ക് നേരെ നിരവധി ഡ്രണുകളാണ് ഇറാന് അയച്ചത്. പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ റിഫൈനറിയിലെ ചില യൂണിറ്റുകള്‍ക്ക് തീപിടിച്ചു. സൗദി അറേബ്യയിലെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി എത്തിയ അഞ്ച് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ഡ്രോണുകളും മിസൈലുകളും വിജയകരമായി തകര്‍ത്തതായി ബഹ്റൈന്‍ പ്രതിരോധ സേനയും വ്യക്തമാക്കി.
യുഎഇയിലും പുലര്‍ച്ചെയോടെ താമസക്കാരുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തി. പിന്നാലെ ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചതായുള്ള അറിയിപ്പും പ്രതിരോധ മന്ത്രാലയം നല്കി. ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള അഞ്ച് പേരെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ ലബനനിലും ഇറാനിലുമുള്ള ഹിസ്ബുള്ള ശൃംഖലക്കായി ഇവര്‍ കള്ളപ്പണം വെളുപ്പിച്ചതായും തീവ്രവാദ ഫണ്ടിംഗ് നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒമ്പത് രാജ്യങ്ങളുടെ വ്യോമപാതകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദ്ദേശം നല്കി. ഇറാന്, ഇസ്രയേല്‍, ലെബനന്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് ഉപദേശ രൂപേണെയുള്ള നിര്‍ദ്ദേശം. അതിനിടെ യുഎസ്-ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നലേനി കൊല്ലപ്പെട്ടതായി ഇറാന് സ്ഥിരീകരിച്ചു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന് നല്‍കിയിട്ടുണ്ട്.
Content Highlights: During the Eid al-Fitr celebrations in the Gulf, an Iranian attack coincided with a fire at a key oil refinery in Kuwait. The incident raised safety and security concerns while authorities worked to contain the blaze, temporarily overshadowing the festive atmosphere.