ബഹ്റൈൻ തൊഴിൽ വിപണിയിൽ പരിശോധന കർശനം; സെപ്റ്റംബറിൽ 547 പേരെ നാടുകടത്തി, 67 പേർ കസ്റ്റഡിയിൽ

രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുന്നതിൻ്റെയും നിയമവിരുദ്ധ താമസവും ജോലിയും തടയുന്നതിൻ്റെയും ഭാഗമായാണ് പരിശോധനകൾ വ്യാപിപ്പിച്ചത്

ബഹ്റൈനിൽ തൊഴിൽ വിപണി നിയന്ത്രണ അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കി. സെപ്റ്റംബർ മാസത്തിൽ മാത്രം 4,847 പരിശോധനാ ക്യാമ്പയിനുകളും മിന്നൽ സന്ദർശനങ്ങളുമാണ് അധികൃതർ നടത്തിയത്. പരിശോധനയിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 67 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 547 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തു.

രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുന്നതിൻ്റെയും നിയമവിരുദ്ധ താമസവും ജോലിയും തടയുന്നതിൻ്റെയും ഭാഗമായാണ് പരിശോധനകൾ വ്യാപിപ്പിച്ചത്. വിവിധ ഗവർണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായി 4,675 നേരിട്ടുള്ള പരിശോധനാ സന്ദർശനങ്ങളാണ് എൽഎംആർഎ നടത്തിയത്. കൂടാതെ വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് 172 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും സംഘടിപ്പിച്ചു.

രാജ്യത്തെ പ്രധാന ഗവർണറേറ്റുകളിലായി നടന്ന സംയുക്ത പരിശോധനകളിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ 74-ഉം, നോർത്തേൺ ഗവർണറേറ്റിൽ 67-ഉം, മുഹറഖിൽ 22-ഉം, സതേൺ ഗവർണറേറ്റിൽ 19-ഉം ക്യാമ്പയിനുകളാണ് പൂർത്തിയാക്കിയത്. തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാനും നിയമവ്യവസ്ഥ ഉറപ്പാക്കാനും വേണ്ടി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു.

Content Highlights: Bahrain conducted 4,847 labour market inspection campaigns and visits in September 2026, resulting in 67 workers being detained and 547 violators deported.

To advertise here,contact us