ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ സ്വീകരിച്ച് ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്. സഖീർ കൊട്ടാരത്തിൽ നടന്ന സുപ്രധാനമായ ഈ കൂടിക്കാഴ്ചയിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സന്നിഹിതനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ വിശദമായ ചർച്ചകൾ നടത്തി.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അടുത്തിടെയുണ്ടായ നയതന്ത്ര പ്രതിസന്ധികളിലും ഇറാന്റെ ആക്രമണ പശ്ചാത്തലത്തിലും ബഹ്റൈനോട് ഇന്ത്യ പ്രകടിപ്പിച്ച ശക്തമായ ഐക്യദാർഢ്യത്തിന് രാജാവ് നന്ദി രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും മിഡിൽ ഈസ്റ്റിലെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളായി. ബഹ്റൈൻ–ഇന്ത്യ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ഹമദ് രാജാവ് നൽകുന്ന നേതൃത്വത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അഭിനന്ദിച്ചു.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രത്യേക ആശംസകളും നയതന്ത്ര സന്ദേശവും മന്ത്രി ജയശങ്കർ രാജാവിന് കൈമാറി. ഇതിന് മറുപടിയായി ഹമദ് രാജാവ് ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുകയും ഭാരതത്തിലെ ജനങ്ങൾക്ക് കൂടുതൽ വികസനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ-സാംസ്കാരിക ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നതാണ് ഈ സന്ദർശനം.
Content Highlights: India's External Affairs Minister S. Jaishankar held talks with the King of Bahrain, focusing on enhancing diplomatic relations, economic cooperation, and other areas of mutual interest between the two nations.