കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ് ബഹ്റൈൻ) നടപ്പിലാക്കുന്ന വാർഷിക ബോധവത്കരണ പദ്ധതിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026' പരിപാടി ഈ വർഷവും സജീവമായി തുടരുന്നു. ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സുരക്ഷിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ നടത്തുന്ന വേനൽക്കാല ക്യാംപെയ്നിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബുദയ്യയിലെ ഒരു പ്രമുഖ വർക്ക്സൈറ്റിൽ ഈ ആശ്വാസ പദ്ധതി സംഘടിപ്പിച്ചത്.
തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പൂർണ്ണമായ പിന്തുണയോടെയാണ് ഇത്തവണത്തെ പരിപാടി നടന്നത്. കനത്ത ചൂടിൽ ജോലി ചെയ്യുന്ന ഏകദേശം അറുന്നൂറോളം തൊഴിലാളികൾക്ക് പരിപാടിയുടെ ഭാഗമായി കുടിവെള്ളം, ജ്യൂസ്, ലബൻ എന്നിവയ്ക്ക് പുറമെ ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളും വിതരണം ചെയ്തു. വേനൽക്കാലത്ത് നിർജ്ജലീകരണം തടയുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണവും നൽകി.
ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുള്‍ദാസ് തോമസ്, 'തേർസ്റ്റ് ക്വെഞ്ചേഴ്സ്' കോ-ഓർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഭാരവാഹികൾ വിതരണ പരിപാടിക്ക് നേരിട്ട് നേതൃത്വം നൽകി. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ബോഹ്റാ സമൂഹവും നിരവധി സന്നദ്ധപ്രവർത്തകരും പദ്ധതിക്ക് ശക്തമായ പിന്തുണയും സഹായവും നൽകിയതായി ഐസിആർഎഫ് ഭാരവാഹികൾ നന്ദിയോടെ അറിയിച്ചു.
Content Highlights: As part of its 'Thirst Quenchers 2026' campaign, ICRF extended support to outdoor workers by distributing refreshments and raising awareness about staying safe during extreme summer temperatures.