പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇറാൻ ഏജന്റുമാരായി പ്രവർത്തിച്ചു; 15 പേരെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ

നിയമവിരുദ്ധ സംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യാനും ശൃംഖലകൾ സ്ഥാപിക്കാനും ഈ സംഘം ശ്രമിച്ചതായി അധികൃതർ കണ്ടെത്തി.

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ഫീൽഡ് ഏജന്റുമാരായി പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 15 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ബഹ്‌റൈനിൽ നേരത്തെ കണ്ടെത്തിയ ഇറാനിയൻ ഏജന്റ് ശൃംഖലയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് അന്വേഷണങ്ങൾക്കും സുരക്ഷാ റിപ്പോർട്ടുകൾക്കും പിന്നാലെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ബഹ്റൈൻ പൗരന്മാരെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചുള്ള പ്രകോപനപരമായ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ഓപ്പറേറ്റീവുകളാണ് (ഫീൽഡ് ഏജന്റുകൾ) പിടിയിലായ പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ സംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യാനും ശൃംഖലകൾ സ്ഥാപിക്കാനും ഈ സംഘം ശ്രമിച്ചതായി അധികൃതർ കണ്ടെത്തി.

ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകളും നിരവധി ഡ്രോണുകളും തങ്ങൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Bahrain authorities have arrested 15 people on allegations of acting as agents for Iran during a period of heightened tensions in West Asia. The arrests are part of ongoing security measures aimed at countering activities considered a threat to the country's stability and security.

To advertise here,contact us