മോഹൻലാലോ അജയ് ദേവ്ഗണോ ആര് ആദ്യം എത്തും?

മലയാളത്തിലെയും ഹിന്ദിയിലെയും ദൃശ്യം ഒരുമിച്ച് റിലീസ് ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നും തിയറികളുണ്ട്

1 min read|01 Jun 2025, 06:06 pm

ഒരു സാധാരണക്കാരന്റെ ചെറുത്തുനിൽപ്പിന്റെ കഥ, കുടുംബത്തിനായി ഏതറ്റം വരെയും പിടിച്ചുനിൽക്കുന്ന ഒരു കുടുംബനാഥന്റെ കഥ. ജീത്തു ജോസഫിന്റെ ദൃശ്യം മികച്ച എഴുത്തിന്റെയും പ്രകടനത്തിന്റെയും ട്വിസ്റ്റുകളുടെയും പിൻബലം കൊണ്ടുമാത്രം വിജയിച്ച സിനിമയല്ല. ഏതൊരു മലയാളിക്കും തങ്ങളിലേക്ക് ചേർത്ത് നിർത്തി വായിക്കാൻ കഴിയുന്ന, അവരുടെയൊക്കെ കുടുംബത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു നേരിന്റെ ദൃശ്യാവിഷ്‌കാരം കൊണ്ട് കൂടിയാണ്. ആ നേരിനെ അവർ ചേർത്തുനിർത്തിയപ്പോൾ അന്ന് മലയാള സിനിമ സ്വന്തമാക്കിയത് ഒരു ഇൻഡസ്ട്രി ഹിറ്റും ആദ്യ 50 കോടിയുമായിരുന്നു. എന്നാൽ ദൃശ്യം മാനിയ അന്ന് അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. തമിഴും, തെലുങ്കും ഹിന്ദിയും എല്ലാം കടന്നു അങ്ങ് ചൈനീസിൽ വരെ മലയാളത്തിന്റെ ദൃശ്യമെത്തി.

ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതകൾ ഒന്നും നൽകാതെയാണ് അന്ന് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ എല്ലവരെയും ഞെട്ടിച്ചുകൊണ്ട് ജോർജ്കുട്ടിയും കുടുംബവും രണ്ടാം തവണയെത്തിയപ്പോൾ അവിടെയും ഭാഗ്യം അവർക്കൊപ്പം നിന്നു. ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിനെ അറിഞ്ഞു, ഒപ്പം മോഹൻലാലിനെയും മലയാള സിനിമയെയും. റെക്കോർഡ് തുകയ്ക്കായിരുന്നു അന്ന് ആമസോൺ പ്രൈം ദൃശ്യം സ്വന്തമാക്കിയത്.

ഒരിക്കൽ ഷൂട്ടിനായി നോർത്തിൽ യാത്ര ചെയ്യുന്ന സമയത്ത് തന്നെ കണ്ടിട്ട് ദൃശ്യം സിനിമയെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഒരു അന്യഭാഷാസിനിമാപ്രേമി വന്നു സംസാരിച്ച കാര്യം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അത്രത്തോളമായിരുന്നു ദൃശ്യത്തിന്റെ സ്വീകാര്യത. രണ്ടാം ഭാഗവും തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്യുകയും അവിടെയും വൻ വിജയം നേടുകയും ചെയ്തു. ഒപ്പം കൊറിയയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന നേട്ടവും ദൃശ്യം സ്വന്തമാക്കി.

ഇന്നിതാ സിനിമയുടെ മൂന്നാം ഭാഗം എത്താൻ ഒരുങ്ങുകയാണ്. പല അഭ്യൂഹങ്ങൾക്കും തിയറികൾക്കും വിരാമമിട്ട് സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരിക്കലും വരില്ലെന്ന് കരുതിയ രണ്ടാം ഭാഗം അവിടന്നിതാ മൂന്നാം ഭാഗത്തേക്ക് എത്തി നിൽക്കുന്ന ദൃശ്യത്തിന് ഇപ്പോൾ വെല്ലുവിളിയായിരിക്കുന്നത് മറ്റാരുമല്ല. ദൃശ്യത്തിന്റെ തന്നെ ഹിന്ദി പതിപ്പാണ്.

നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത ആദ്യ ഭാഗത്തിൽ അജയ് ദേവ്ഗൺ ആയിരുന്നു ജോർജ്കുട്ടിയായി എത്തിയത്. മലയാളത്തിന്റെ ദൃശ്യം കോടികൾ വാരിയത് പോലെ ഹിന്ദിയിലും അജയ് ദേവ്ഗണിന് വലിയ ആശ്വാസം നൽകിയ വിജയമായി ദൃശ്യം മാറി. തുടർന്ന് രണ്ടാം ഭാഗമെത്തിയപ്പോഴും തുടർപരാജയങ്ങൾക്ക് ശേഷം അജയ് ദേവ്ഗണിനെ കൈപിടിച്ചുയർത്തി ഈ റീമേക്ക്. മൂന്നാം ഭാഗത്തിന്റെ ചർച്ചകൾ ഉയർന്നപ്പോൾ തന്നെ എങ്ങനെയായിരിക്കും മലയാളം ദൃശ്യവും ഹിന്ദി ദൃശ്യവും എത്തുക എന്ന സംശയം ഇരുഭാഷയിലെ ആരാധകർക്കുമുള്ളിൽ ഉണ്ടായിരുന്നു.

രണ്ട് ഭാഷകളിലെ ദൃശ്യം 3യും ഒരുമിച്ച് ഷൂട്ട് ആരംഭിച്ച് ഒരുമിച്ച് തിയേറ്ററിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മലയാളി സിനിമാപ്രേമികളെ ഞെട്ടിക്കുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നേരത്തെ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

#Drishyam3 coming 🔥#AjayDevgn 💥 pic.twitter.com/RnCvHwJBCg

പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായി പങ്കിട്ട ഔദ്യോഗിക കത്തിൽ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് മൂന്നാം ഭാഗത്തിലും തിരിച്ചെത്തും എന്നും വ്യക്തമാക്കുന്നുണ്ട്. ഇത് കൂടാതെ ദൃശ്യം 3 നിർമ്മിക്കുന്നതിനായി ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ഒരു നിർമ്മാണ കരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ കത്ത് അജയ് ദേവ്ഗണിന്‍റെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഹിന്ദി ദൃശ്യം 3 അടുത്ത വർഷം ഒക്ടോബർ 2 ന് തിയേറ്ററിലെത്താൻ ഒരുങ്ങുകയാണെന്നും ചില ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അനൗൺസ്‌മെന്റിന് പിന്നാലെ മലയാളം ദൃശ്യം 3നെപ്പറ്റി അപ്ഡേറ്റ് ഒന്നും വരാത്തതും മലയാളി ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ഹിന്ദി പതിപ്പാണ് ആദ്യം എത്തുന്നതെങ്കിൽ അത് മലയാളത്തിന് ലഭിക്കേണ്ട പാൻ ഇന്ത്യൻ സ്വീകാര്യതക്ക് വിലങ്ങുതടിയാകുമെന്നും പ്രേക്ഷകർ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഹിന്ദിയിലാണ് ആദ്യം ദൃശ്യമെത്തുന്നതെങ്കിൽ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ മലയാളത്തിന്റെ റീമേക്ക് അല്ലാതെ അതൊരു പുതിയ കഥയാകാനും സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ അത് ജീത്തു ജോസഫ് ഉണ്ടാക്കിയെടുത്ത കഥാപാത്രങ്ങളിലും അവരുടെ സ്വഭാവങ്ങളിലും നിന്നേറെ വ്യത്യാസമാകുമെന്നതും ദൃശ്യത്തിന്റെ സോൾ നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

മലയാളത്തിന് പുറമെ ആശിർവാദ് സിനിമാസ് ഹിന്ദി റീമേക്കിലും സഹകരിച്ചിരുന്നു. സിനിമയുടെ കോ പ്രൊഡ്യൂസഴ്സ് ആശിർവാദ് ആയിരുന്നു. ഹിന്ദിയിൽ മൂന്നാം ഭാഗമെത്തുമ്പോൾ ആശിർവാദ് സിനിമാസ് അവരുമായി സഹകരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ ഹിന്ദിയിലെ അണിയറപ്രവർത്തകർക്ക് നേരത്തെ കൈമാറിയതാണെന്നും ഇരു ഭാഷയിലെ ദൃശ്യവും ഒരുമിച്ച് റിലീസ് ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നും തിയറികളുണ്ട്.

തുടരും ബോക്സ് ഓഫീസിൽ തീർത്ത മാജിക് നമ്മൾ കണ്ടതാണ്. മലയാളത്തിന്റെ മോഹൻലാൽ സാധാരക്കാരന്റെ കുപ്പായമണിഞ്ഞാൽ അദ്ദേഹത്തെ തടുക്കാൻ പിന്നെ ആർക്കുമാകില്ലെന്നതും തുടരും ഒന്നുകൂടി തെളിയിച്ചു. ഇനി ഹിന്ദിയാണ് ആദ്യം ഇറങ്ങുന്നത് എന്ന് തന്നെ കരുതിയാലും അത് നമ്മുടെ സ്വന്തം ദൃശ്യത്തിനേയോ മോഹൻലാലിനെയോ തടുക്കാനാകില്ല. ഉറപ്പായും തുടരും പോലെ അല്ലെങ്കിൽ അതുക്കും മേലെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മാജിക് തന്നെയാകും ദൃശ്യം 3.

Content Highlights: Which Drishyam 3 is going to release first?

To advertise here,contact us