ഒരു 'സത്യൻ അന്തിക്കാടൻ' ഗോസ്റ്റ് പടം, നിവിൻ-അജു കോമ്പോയിലെ ടോപ് പടങ്ങളിൽ 'സർവ്വം മായ' ഉണ്ടാകും: അഖിൽ സത്യൻ

ഈ തലമുറയിൽ ഏറ്റവും നന്നായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടനാണ് നിവിൻ പോളി. നിവിൻ മയം ആണ് 'സർവ്വം മായ'

1 min read|01 Jul 2025, 09:47 pm

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സർവ്വം മായ. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു സത്യൻ അന്തിക്കാടൻ ഗോസ്റ്റ് ആണ് സിനിമയിലുള്ളതെന്നും ഈ പ്രേതം ആണ് സിനിമയുടെ ഹൈലൈറ്റ് എന്ന് സംവിധായകൻ അഖിൽ സത്യൻ. നിവിൻ പോളി - അജു വർഗീസ് കോമ്പോ സിനിമയിൽ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്നും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളിൽ ടോപ് 3 യിൽ സർവ്വം മായയും ഉണ്ടാകുമെന്നും പറയുകയാണ് അഖിൽ സത്യൻ. റിപ്പോർട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അഖിൽ മനസുതുറന്നത്.

ഒരു സത്യൻ 'അന്തിക്കാടൻ ഗോസ്റ്റ്'

ഹൊറർ എന്ന് സിനിമയെ മുഴുവനായും പറയാൻ സാധിക്കില്ല. ഒരു 'സത്യൻ അന്തിക്കാടൻ' ഗോസ്റ്റ് ആകും സിനിമയിലുള്ളത്. പക്ഷേ ഉറപ്പായിട്ടും ഒരു ത്രില്ലും മിസ്റ്ററിയുമൊക്കെ അതിലുണ്ടാകും. നമ്മൾ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു ഗോസ്റ്റ് ആകും ഈ സിനിമയുടെ ഹൈലൈറ്റ്. ഒരു പ്രേതം എന്നതിന് അപ്പുറത്തേക്ക് ആ കഥാപാത്രം നമ്മുടെ മനസിലേക്ക് ഇറങ്ങി ചെല്ലും. ഹ്യൂമർ ഒരുപാടുണ്ടാകും കാരണം ഹ്യൂമറിൽ ആണ് ഈ സിനിമ ഓടുന്നത്.

നിവിൻ പോളി-അജു വർഗീസ് കോമ്പോ ചിരിപ്പിക്കും

നിവിൻ ആണ് അജുവിനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അജു വന്നുകഴിഞ്ഞപ്പോൾ ഈ സിനിമയ്ക്ക് ഉണ്ടായ മാറ്റം ഭയങ്കരമാണ്. അജുവിന് നിവിൻ കൊടുക്കുന്ന സ്‌പേസിനെക്കുറിച്ച് പറയാതെ വയ്യ. അജു വർഗീസ് - നിവിൻ പോളി കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ 'സർവ്വം മായ' ഉണ്ടാകും. കാരണം അത്രയും നല്ല കോമ്പിനേഷൻ ആണ് അവർ ഈ സിനിമയിൽ. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അത് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്.

ഇവർ രണ്ട് പേരും ഈ പതിനഞ്ച് വർഷം കൊണ്ട് അഭിനേതാക്കൾ എന്ന തരത്തിൽ ഒരുപാട് വളർന്നിട്ടുണ്ട്. അഭിനയം എന്ന ക്രാഫ്റ്റ് പഠിച്ചിട്ട് അതിൽ അവരുടെ തരത്തിലുള്ള ഹ്യൂമർ വരുമ്പോൾ വേറെ ലെവൽ ഔട്ട്പുട്ട് വരും. ഞാൻ പ്രതീക്ഷിച്ച അജു-നിവിൻ കോമ്പോയെ അല്ല ഈ സിനിമയിൽ ഉള്ളത്. അതിനേക്കാൾ വേറെ തലത്തിലാണ് സിനിമയിൽ വന്നിട്ടുള്ളത്. ഈ രണ്ട് പേരെയും അങ്ങനെ തന്നെ കാണിക്കാൻ പറ്റും എന്നുള്ളതാണ് എന്റെ എക്സൈറ്റ്മെൻ്റ്. പ്രേതവും അജുവും നിവിനും ഒക്കെ ചേർന്നുള്ള സീനൊക്കെ എനിക്ക് വളരെ രസകരമായിട്ടാണ് തോന്നിയത്.

നിവിൻ മയം ആണ് ഈ സിനിമ

പാച്ചുവും അത്ഭുതവിളക്കും നിവിൻ പോളിക്ക് വേണ്ടി എഴുതിയ കഥ ആയിരുന്നു. അവിടെ എനിക്ക് മിസ് ആയത് ഇവിടെ ഈ സിനിമയിലൂടെ ഞാൻ കൊണ്ടുവരികയാണ്. അതേ ബോയ് നെക്സ്റ്റ് ഡോർ ആണ് സർവ്വം മായയിലും ഉദ്ദേശിക്കുന്നത്. ഈ തലമുറയിൽ ഏറ്റവും നന്നായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടനാണ് നിവിൻ പോളി. 'നിവിൻ മയം' ആണ് ഈ സിനിമ. ഒരാൾ ഒരു സ്ഥലത്ത് കുടുങ്ങിപോകുമ്പോൾ ഉണ്ടാകുന്ന ഒരു ഹ്യൂമർ ഉണ്ട്. അത് എഴുതുമ്പോൾ തന്നെ നിവിൻ ആയിരുന്നു മനസ്സിൽ.

കാസ്റ്റിനെപ്പറ്റി

നിവിനും അജുവിനും കൂടാതെ ജനാർദ്ദനൻ ചേട്ടനും സിനിമയിലുണ്ട്. ഒരു മുഴുനീള വേഷമാണ് സിനിമയിൽ ജനാർദ്ദനൻ ചേട്ടന്. അദ്ദേഹം അടുത്ത കാലത്ത് ചെയ്തതിൽ ഏറ്റവും ദൈർഘ്യമേറിയ റോൾ ഈ സിനിമയിലാകും. ഒരു ഹ്യൂമർ റോൾ ആണ്, നിവിന്റെ കൂടെ കോമ്പിനേഷൻ ഉണ്ട്. പ്രീതി മുകുന്ദൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്.

സിനിമയിലെ മ്യൂസിക്

ഒരു മ്യൂസിക്കൽ സിനിമ കൂടിയാണ് സർവ്വം മായ. സംഗീതത്തിനും വളരെ പ്രാധാന്യമുണ്ട്. പാച്ചുവിന് മ്യൂസിക് ചെയ്ത ജസ്റ്റിൻ പ്രഭാകരൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേതം

ഈ സിനിമ സിങ്ക് സൗണ്ട് ആണ്. മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേതമാകും ഇത്. സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണിത്. ഒരുപാട് മികച്ച ടെക്‌നിക്കൽ ടീമും സിനിമയുടെ ഭാഗമാണ്. സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാകാറായി. ബാക്കി ജൂലൈ അവസാനം തുടങ്ങി ആഗസ്റ്റിൽ അവസാനിപ്പിക്കാം എന്നാണ് കരുതുന്നത്. നാട്ടിലെ ഭാഗങ്ങളും മുംബൈയിലെ ഭാഗങ്ങളുമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ഫാമിലി ഒക്കെ ആയി വന്ന് കാണാൻ പറ്റുന്ന സിനിമയാണ് ഇതെന്ന വിശ്വാസം എനിക്കുണ്ട്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ പോലും ആളുകൾ ഫ്രീ ആയി ഇരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കാണാൻ പറ്റുന്ന സിനിമയാകണമെന്ന് ആഗ്രഹമുണ്ട്.

Content Highlights: Akhil Sathyan talks about Nivin Pauly film Sarvam Maya

To advertise here,contact us