'അന്ന് മീര ജാസ്മിന്റെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല, അങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ട്'; കമൽ

കമൽ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’

മിന്നാമിന്നിക്കൂട്ടം തന്റെ മറ്റ് സിനിമകളെപ്പോലെ വിജയിച്ചില്ലെന്ന് സംവിധായകൻ കമൽ. മീര ജാസ്മിന്റെ കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നു പ്രേക്ഷകർക്ക് അന്ന് പൊരുത്തപ്പെടാൻ കഴിയാതിരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് അത്തരത്തിൽ പെരുമാറുന്ന പെൺകുട്ടികളെ അംഗീകരിക്കാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇന്ന് സമൂഹത്തിൽ അത്തരം പെൺകുട്ടികളെ കാണാൻ കഴിയുമെന്നും കമൽ പറഞ്ഞു. ഷോസ്ക്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം പറഞ്ഞത്.

'മിന്നാമിന്നിക്കൂട്ടം അന്ന് അധികം ശ്രദ്ധിക്കാതെ പോയ ഒരു സിനിമയായിരുന്നു. ഞാൻ ചെയ്ത മറ്റ് സിനിമകളെപ്പോലെ അതൊന്നും ഓടിയിട്ടില്ല. അതിന്റെ കാരണം മീര ജാസ്മിന്റെ കഥാപാത്രത്തെ പെട്ടെന്ന് ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നതാണ്. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന, ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുന്ന ഒരു കഥാപാത്രമായിട്ടാണ് അവൾ വന്നത്. അന്ന് അങ്ങനെയായിരുന്നു, പക്ഷേ ഇന്ന് അങ്ങനെയുള്ള ഒരുപാട് പെൺകുട്ടികളെ നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കും', കമൽ പറഞ്ഞു.

'അവൾ സ്നേഹിക്കുന്ന പയ്യൻ അവളുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. അവരുടെ ഫ്രണ്ട്സെല്ലാം കൂടി കല്യാണനിശ്ചയത്തിന് വന്നപ്പോൾ കൂട്ടുകാരന്റെ അച്ഛൻ ചില ഡയലോഗുകൾ പറയുന്നുണ്ട്. അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോൾ എല്ലാവരുടെയും മുന്നിൽവെച്ച് അയാളോട് ഇറങ്ങിപ്പോകാൻ പറയുകയാണ്. അന്ന് എല്ലാവരുടെയും മുന്നിൽവെച്ച് അവൾ അങ്ങനെ പറയുമോ എന്നായിരിക്കും ആളുകൾ ചിന്തിച്ചിട്ടുണ്ടാവുക. അതുകൊണ്ടായിരിക്കാം ആ കഥാപാത്രത്തോട് ആളുകൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ പോയത്', കമൽ കൂട്ടിച്ചേർത്തു.

കമൽ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’. നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, സായി കുമാർ, മാമുക്കോയ, ടി. ജി. രവി, മീര ജാസ്മിൻ, റോമ, സംവൃത സുനിൽ, രാധിക തുടങ്ങിയ വമ്പൻ താരനിര തന്നെ ഒരുമിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

Content Highlights: Kamal talks about minnaminikootam movie meera jasmine

To advertise here,contact us