‘അക്ക’ എന്ന സിനിമയുടെ പ്രമോഷനിടെ രാധിക ആപ്തെ നടത്തിയ വിവാദ പരാമർശത്തിലും അതിൽ താൻ പ്രതികരിച്ച രീതിയിലും വിശദീകരണവുമായി നടി കീർത്തി സുരേഷ്. താൻ ഒരിക്കലും തെന്നിന്ത്യൻ സംസ്കാരത്തെ മോശമാക്കി പറഞ്ഞിട്ടില്ലെന്നും രാധിക പറഞ്ഞത് തനിക്ക് ശരിയായി മനസ്സിലായില്ലെന്നുമാണ് കീർത്തി വ്യക്തമാക്കിയത്. പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കീർത്തി മറുപടി നൽകിയത്.
തെലുങ്ക് സിനിമയിൽ അമ്മാവനെ റൊമാൻസ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ രാധിക ആപ്തെ, അത് തെന്നിന്ത്യൻ സംസ്കാരമാണെന്ന രീതിയിൽ സംസാരിച്ചിരുന്നു. ഈ പരാമർശം തെന്നിന്ത്യൻ സംസ്കാരത്തെയും ആരാധകരെയും വേദനിപ്പിക്കുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അന്ന് അത്തരമൊരു സംസ്കാരം കേരളത്തിലില്ലെന്ന് കീർത്തി സുരേഷ് പറഞ്ഞിരുന്നതും ചർച്ചയായിരുന്നു.
രാധിക തെറ്റായി സംസാരിച്ചപ്പോൾ തെന്നിന്ത്യൻ നടി എന്ന നിലയിൽ എന്തുകൊണ്ട് തിരുത്തിയില്ലെന്നും ഒപ്പം നിന്നുവെന്നുമുള്ള ആരാധകരുടെ അതൃപ്തിയാണ് വാർത്താസമ്മേളനത്തിൽ ഉയർന്നുവന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോടാണ് തനിക്ക് സംഭവിച്ചത് തെറ്റിദ്ധാരണയാണെന്നും സംസ്കാരത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കീർത്തി വിശദീകരിച്ചത്.
രാധിക ആപ്തെയാണ് അത് പറഞ്ഞത്, സത്യം പറഞ്ഞാല്‍ അവര്‍ എന്താണ് സംസാരിച്ചു വരുന്നത് എന്ന് തുടക്കത്തില്‍ എനിക്ക് മനസ്സിലായില്ല. അമ്മാവനെ റൊമാന്‍സ് ചെയ്യേണ്ടി വന്നു എന്ന് രാധിക ആദ്യം പറഞ്ഞപ്പോള്‍ എനിക്കത് മനസ്സിലായില്ല, സൗത്ത് ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ചാണ് പറയുന്നത് എന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അത് നമ്മളുടെ സംസ്കാരമാണ് എന്ന് എത്ര തന്നെ പറഞ്ഞാലും അവര്‍ അത് മനസ്സിലാക്കണം എന്നില്ല, എനിക്ക് പറയാനേ സാധിക്കുകയുള്ളൂ.
കേരളത്തില്‍ ആ സംസ്കാരം ഇല്ല എന്ന് പറഞ്ഞത്, ഒരു അറിവ് കൈമാറുക മാത്രമാണ് ചെയ്തത്. എന്റെ അറിവില്‍ അമ്മാവന്മാരെ കല്യാണം കഴിക്കുന്ന സംസ്കാരം കേരളത്തില്‍ ഇല്ല. മുറൈമാമന് തിരുമണം തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമുള്ളതായിട്ടാണ് എനിക്കറിയുന്നത്, കര്‍ണാടകയിലെ കാര്യം എനിക്കറിയില്ല. അത് പറഞ്ഞുകൊടുക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്, ഒരിക്കലും അവിടെ പോയി നമ്മുടെ സംസ്കാരത്തെ ഞാന്‍ തരംതാഴ്തി പറഞ്ഞിട്ടില്ല, പറയില്ല- കീര്‍ത്തി സുരേഷ് പറഞ്ഞു.
Content Highlights: Actress Keerthy Suresh has clarified her remarks following a controversy, stating that she never intended to disparage or disrespect any culture. Her clarification addresses the criticism surrounding her comments.