ഗുഡ് ബാഡ് അഗ്ലിയിൽ നിന്ന് നസ്ലെൻ പിന്മാറിയെന്നത് വ്യാജം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ ആദിക് രവിചന്ദ്രൻ

'മകന്റെ വേഷത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറവാണ്, നസ്ലെൻ ആ ചിത്രം കമ്മിറ്റ് ചെയ്തിരുന്നില്ല' വെളിപ്പെടുത്തലുമായി ആദിക് രവിചന്ദ്രൻ

അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ നിന്നും നസ് ലെൻ പിന്മാറിയെന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍. നസ് ലെൻ ചിത്രം ഒരിക്കലും കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് അദ്ദേഹം ബിഹൈൻഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സിനിമയുടെ നിര്‍മാതാക്കളായ മൈത്രി പിക്ചേഴ്സ് ആണ് നസ്‍ലെനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം തുടങ്ങിയത്. നായകനായ അജിത്തിനൊപ്പം നസ്‍ലെന്റെ കോമ്പിനേഷന്‍ നന്നായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍ ചിത്രത്തില്‍ മകന്റെ വേഷത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറവായതിനാലും ഭാവിയില്‍ വലിയ ഹീറോയായി മാറേണ്ട നടന് ആ വേഷം അനുയോജ്യമല്ലാത്തതിനാലും ഈ ആലോചന മുന്നോട്ടുപോയില്ല. ഇക്കാര്യം നസ്‌ലെനുമായും നേരിട്ട് സംസാരിച്ചിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ‘ഡ്യൂഡ്’ എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മാം അതിൽ നായികയായി കരാര്‍ ഒപ്പിട്ടു. ‘പ്രേമലു’ ആ സമയത്ത് റിലീസ് ആയോ എന്നറിയില്ല. മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്‍ലെനെക്കുറിച്ച് എന്നോട് പറയുന്നത്. ‘പ്രേമലു’ ഹീറോയെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു.

ആ സമയത്ത് നസ് ലെൻ ചെന്നൈയിൽ ഉണ്ട്. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫിസിലേക്ക് നസ്‍ലെനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടേക്ക് ചെന്നു. കണ്ടു, പരിചയപ്പെട്ടു, നല്ല ക്യൂട്ട് ആയ വളരെ എനർജറ്റിക് ആയ പയ്യൻ. ഏതു പടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു, അജിത് സർ പടമെന്ന് ഞാൻ പറയുകയും ചെയ്തു.

ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തിൽ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തുനിന്നും ചോദിച്ചു. ‘ഇല്ല സർ, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്. നമ്മുടെ സിനിമയിൽ കൃത്യമായ സ്പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല. അങ്ങനെ കൊണ്ടുവന്നു കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. പക്ഷേ അജിത് സർ–നസ് ലെൻ കോംബോ നല്ലതാകും. ഒരു മുഴുനീള അച്ഛന്‍–മകൻ സിനിമയാണെങ്കിൽ ഓക്കെ. പക്ഷേ നമ്മുടെ പടത്തിൽ മകന്റെ കഥാപാത്രത്തിനു സ്ക്രീൻ സ്പേസ് കുറവാണ്.’ ഞാൻ മറുപടിയായി പറഞ്ഞു. ഇങ്ങനെയാണ് അവിടെ ചർച്ച നടന്നത്. ഇക്കാര്യം നസ്‍ലെനോടും സംസാരിച്ചു. അല്ലാതെ ഈ ചിത്രം നസ് ലെൻ ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ല; ആദിക് രവിചന്ദ്രൻ പറഞ്ഞു.

Content Highlights: Director Adhik Ravichandran has dismissed reports claiming that Malayalam actor Naslen has opted out of Ajith Kumar's film Good Bad Ugly. Clarifying the speculation, the director stated that the reports about Naslen leaving the project are false.

To advertise here,contact us