വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. മനു അശോകൻ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ 'ഉയരെ' എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന ടോക്സിക് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ചോക്ലേറ്റ് ബോയ് ഇമേജുള്ള ആസിഫ് അലി ഈ നെഗറ്റീവ് വേഷം ചെയ്യാൻ സമ്മതിക്കുമെന്ന് അണിയറപ്രവർത്തകർ ആദ്യം കരുതിയിരുന്നില്ല. ആസിഫിനോട് പരിചയമുള്ള പലരും ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. 'ദി ക്യൂ സ്റ്റുഡിയോ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനു അശോകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരിക്കലും ആസിഫ് അത് ചെയ്യില്ല എന്നുള്ള ഉറപ്പിലാണ് നമ്മൾ പോകുന്നത്. ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലൻ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കിൽ ഒരിക്കലും ആ ക്യാരക്ടറിന് ഇമ്പാക്ട് ഉണ്ടാവില്ല എന്നത് വളരെ എക്സ്പെക്റ്റഡാണ്. പക്ഷേ ബോയ് നെക്സ്റ്റ് ഡോർ എന്ന് പറയുന്ന ഇമേജിൽ ഉള്ളൊരാൾ, അതിനു മുമ്പ് സൺഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകൾ ചെയ്തിട്ടുള്ള ഒരു നായകൻ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങൾ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു.
എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാണ് ആസിഫിനെ സമീപിച്ചത്. മമ്മൂക്ക, മോഹൻലാൽ, ടൊവിനോ തുടങ്ങിയവരൊക്കെ ആരും വിചാരിക്കാത്ത കഥാപാത്രങ്ങളും വ്യത്യസ്ത വേഷങ്ങളും ചെയ്യുന്നവരായതുകൊണ്ട് അവരെല്ലാവരും അവരുടെ സ്പേസിൽ നിന്നുകൊണ്ട് തന്നെ എന്തെല്ലാം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണെന്നും എന്നാൽ ആസിഫിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഈ വേഷം ചെയ്യുമോ എന്ന് ടീമിന് സംശയമുണ്ടായിരുന്നു.
‘ഇത്രയും നെഗറ്റീവ് ആണ്, ഗ്രേഡ് എക്സ്ട്രീം ആണ്, പക്ഷേ ആസിഫ് ഒരു പെർഫോമർ എന്ന രീതിയിലാണ് അത് തിരിച്ചറിഞ്ഞത്, സ്റ്റാർ ആയിട്ടല്ല. ബോബിച്ചേട്ടൻ ആ സീൻ പറയുമ്പോൾ അത് നറേറ്റ് ചെയ്യുമ്പോൾ ആസിഫ് ഭയങ്കര ഷോക്കായി പോയി. ആസിഡ് ഒഴിക്കുന്നത് എക്സ്പെക്റ്റ് ചെയ്യുന്നില്ലല്ലോ. മാക്സിമം അടിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യും. ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള ഒരു കാര്യമല്ല.
ആസിഫ് ഭയങ്കര ഷോക്കായി കൺഫ്യൂസ്ഡും ആയിരുന്നു. ആസിഫിനെക്കാൾ കൺഫ്യൂസ്ടായത് ആസിഫുമായി ബന്ധമുള്ള മറ്റു പലരും ആയിരുന്നിരിക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞിട്ടുണ്ട് ആസിഫിനോട് അത് ചെയ്യരുത്, നെഗറ്റീവ് ആണ്, പ്രശ്നമാകും പിന്നെ അങ്ങോട്ട് ഫുൾ ഗ്രേ ആകുമെന്നൊക്കെ. പക്ഷേ അയാളുടെ ആക്ടറിനാണ് അവിടെ പുള്ളി മുൻതൂക്കം കൊടുത്തത്. അല്ലെങ്കിൽ ഒരിക്കലും ആസിഫിനെ പോലെ ആ സമയത്ത് നിൽക്കുന്ന ഒരു ആക്ടർ യെസ് പറയില്ല,’ മനു അശോകൻ പറഞ്ഞു.
Content Highlights: Director Manu Ashokan reveals that many people advised Asif Ali against taking on the role of Govind in the Malayalam film Uyare. The filmmaker shared insights into the casting and the actor's decision to portray the character.