18 അന്താരാഷ്ട്ര പുരസ്‌കാരങ്ങളുമായി 'പൈര്‍'; മലയാളം പതിപ്പ് നവംബര്‍ 6ന് തിയേറ്ററുകളില്‍

വിജനമായിക്കൊണ്ടിരിക്കുന്ന ഒരു മലയോര ഗ്രാമത്തില്‍ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്

മികച്ച ചിത്രത്തിനുള്ള 15 പുരസ്‌കാരങ്ങളടക്കം 18 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഇന്ത്യന്‍ ചിത്രം 'പൈര്‍' (ചിത) നവംബര്‍ 6ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തുന്നു. വിനോദ് കാപ്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പും നവംബര്‍ 6ന് റിലീസ് ചെയ്യും. ഉത്തരാഖണ്ഡിലെ ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ പ്രണയം, ജീവിതപങ്കാളിത്തം, വാര്‍ധക്യം, ഏകാന്തത എന്നിവയുടെ വൈകാരിക തലങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'പൈര്‍'. വിനോദ് കാപ്രി, അരിന്ദ്ര റായ് ചൗധരി, സുരേഷ് ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിജനമായിക്കൊണ്ടിരിക്കുന്ന ഒരു മലയോര ഗ്രാമത്തില്‍ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വാര്‍ധക്യവും വേര്‍പിരിയലിന്റെ യാഥാര്‍ഥ്യങ്ങളും കാലത്തിന്റെ കടന്നുപോക്കും നേരിടുമ്പോഴും പരസ്പരം താങ്ങായി അവര്‍ ജീവിതം തുടരുന്നു. ഒരുമിച്ച് ചെലവഴിച്ച വര്‍ഷങ്ങളുടെയും മായാത്ത ഓര്‍മകളുടെയും പശ്ചാത്തലത്തില്‍, ജീവിതത്തിന്റെ അവസാന ഘട്ടത്തിലും നിലനില്‍ക്കുന്ന സ്‌നേഹബന്ധത്തിന്റെ ആഴമാണ് ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നത്. വാര്‍ധക്യത്തെക്കുറിച്ചുള്ള കഥ എന്നതിലുപരി, എല്ലാം മാഞ്ഞുതുടങ്ങുമ്പോഴും മായാതെ നില്‍ക്കുന്ന പ്രണയത്തിന്റെ കഥ കൂടിയാണ് 'പൈര്‍'.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് 80 വയസ്സുകാരനായ പദം സിങ്ങും 70 വയസ്സുകാരിയായ ഹീരാ ദേവിയുമാണ്. പ്രൊഫഷണല്‍ അഭിനയപരിചയമില്ലാത്ത തദ്ദേശീയരായ ഇരുവരുടെയും സ്വാഭാവികമായ പ്രകടനങ്ങളാണ് ചിത്രത്തിന് അസാധാരണമായ സത്യസന്ധതയും വൈകാരിക ആഴവും നല്‍കുന്നത്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രാവിഷ്‌കാരത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന സിനിമാനുഭവമാണ് 'പൈര്‍' സമ്മാനിക്കുന്നത്.

എസ്റ്റോണിയയിലെ പ്രശസ്തമായ ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. പ്രദര്‍ശനത്തിനുശേഷം പ്രേക്ഷകരുടെ വമ്പന്‍ കയ്യടിയും ഓഡിയന്‍സ് അവാര്‍ഡും ചിത്രം സ്വന്തമാക്കി. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടി. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ്, ജര്‍മനിയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ജര്‍മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ പുരസ്‌കാരം, ബര്‍മിങ്ഹാം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ്, അമേരിക്കയിലെ ഡി.സി. സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം എന്നിവയാണ് ചിത്രത്തിന് ലഭിച്ച പ്രധാന അന്താരാഷ്ട്ര അംഗീകാരങ്ങള്‍. ആകെ 18 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് 15 തവണ മികച്ച ചിത്രത്തിനുള്ള ബഹുമതിയും ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പ്രശസ്തയായ ചലച്ചിത്രകാരി ദീപ മേത്തയും ഇതിഹാസ കവിയും ഗാനരചയിതാവുമായ ഗുല്‍സാറും ചിത്രത്തെ അഭിനന്ദിച്ചതും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവായ മൈക്കല്‍ ഡന്നയും സാര്‍ സിംഗാളും ചേര്‍ന്നാണ്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ഗുല്‍സാറാണ്. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ ശ്രുതി സദോലിക്കറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത്.

കേരളത്തിന് പുറമേ, 'പൈര്‍' 2026 നവംബര്‍ 6ന് ബെംഗളൂരുവിലെ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഹൈദരാബാദില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്, സിനിപോളിസ് ടി.എന്‍.ആര്‍, ഐനോക്‌സ് പ്രിസം ഗച്ചിബൗളി, പി.വി.ആര്‍. ആട്രിയം ഗച്ചിബൗളി, എ.എം.ബി. സിനിമാസ് ഗച്ചിബൗളി എന്നിവിടങ്ങളിലാണ്. പിആര്‍ഒ- ശബരി.

Content Highlights: 'Pyre' arrives with 18 international awards Malayalam version hits theatres on November 6

To advertise here,contact us