'ഞാൻ ആദ്യം തന്നെ എത്ര കമ്പിയുണ്ടെന്ന് എണ്ണി നോക്കുകകയായിരിന്നു'; BKU സക്‌സസ് പാർട്ടി തൂക്കി സുരേഷ് കൃഷ്ണ

ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു

ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി -മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മോളിവുഡിലെ സര്‍വകാല റെക്കോഡ് തകര്‍ത്താണ് ചിത്രം തിയേറ്റര്‍ വിട്ടത്. ചിത്രം ഒടിടിയിലും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. സിനിമയിലെന്ന പോലെ സക്സസ് മീറ്റിലും ഷോ സ്റ്റീലറായത് സുരേഷ് കൃഷ്ണയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുകയാണ്. സക്‌സസ് മീറ്റില്‍ എല്ലാവര്‍ക്കും ഓരോ ഗിറ്റാറാണ് നല്‍കിയത്. അത് വാങ്ങിയതിനു ശേഷമുള്ള സുരേഷ് കൃഷ്ണയുടെ സ്പീച്ചാണ് വൈറലായത്.

'ഞാന്‍ ആദ്യം തന്നെ എത്ര കമ്പിയുണ്ടെന്ന് എണ്ണി നോക്കുകയായിരുന്നു. ലോകം മുഴുവന്‍ ഒറ്റക്കമ്പി മതിയെന്ന് അംഗീകരിച്ചതാണ്. എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടിയിരിക്കുകയാണ് ഭാവനാ സ്റ്റുഡിയോസ്. ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്. പക്ഷെ, ഇത്രയും വലിയ വിജയം, ഇന്‍ഡസ്ട്രി ഹിറ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷം

ഇങ്ങനൊരു വേഷം തന്ന പ്രിയപ്പെട്ട സുഹൃത്ത് ഗിരീഷ് എഡി, ഭാവന സ്റ്റുഡിയോസ് എന്നിവര്‍ക്ക് നന്ദി പറയുന്നു. എന്റെ കൂടെ അഭിനയിച്ച നിവിനും മമിതയും ഉള്‍പ്പടെയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും പ്രത്യേകിച്ചും അജ്മല്‍, ആദര്‍ശ്, വിഷ്ണു എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. എല്ലാത്തിലും മേലെ പ്രിയപ്പെട്ട പ്രേക്ഷകര്‍. വാട്സ് ആപ്പിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും അഭിനന്ദനങ്ങള്‍ അറിയിച്ച നിങ്ങള്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു'- എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Suresh Krishna speaking at the Bethlehem Kudumba Unit Success Party

To advertise here,contact us