ഗംഗാ വേഗമോടെ എതിരിടാൻ വരവായി! 'രണബാലി'യിലെ ഗാനം 'പോരിൻ കാഹളം' പുറത്ത്, ചിത്രം ഉടൻ തിയേറ്ററുകളിൽ

തെലുങ്കിലും കന്നഡയിലും കൊബാലി, ഹിന്ദിയിൽ ഗർജ്ജന, തമിഴിൽ ധീരം ധീരം, മലയാളത്തിൽ പോരിൻ കാഹളം എന്നിങ്ങനെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യിലെ 'പോരിൻ കാഹളം' എന്ന വീര്യം നിറഞ്ഞ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് വേൾ‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്കിലും കന്നഡയിലും കൊബാലി, ഹിന്ദിയിൽ ഗർജ്ജന, തമിഴിൽ ധീരം ധീരം, മലയാളത്തിൽ പോരിൻ കാഹളം എന്നിങ്ങനെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. അജയ് - അതുൽ ഈണമിട്ടിരിക്കുന്ന ഗാനത്തിന് മലയാളത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് സിജു തുറവൂരും ആലപിച്ചിരിക്കുന്നത് വി.എം മഹാലിംഗവുമാണ്. നമ്മുടെ ചരിത്രത്തെയും പൂർവികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്ന് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ അടിവരയിടുന്നുണ്ട്.

ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

"സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് അറിയാനാകുന്നത്. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Content Highlights: Vijay Devarakonda starrer Ranabali new song released

To advertise here,contact us