ലാൽ സാറിനൊപ്പം നിൽക്കാൻ റിയാസ് ഖാനോ? ആന്റണി പെരുമ്പാവൂർ വരെ ആശങ്ക പ്രകടിപ്പിച്ചു; വിഎം വിനു

'ബാലേട്ടന്റെ' രണ്ടാം ഭാഗം വരാത്തത് എന്തുകൊണ്ട്? സംവിധായകൻ വി.എം. വിനു പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ 'ബാലേട്ടൻ'. ചിത്രത്തിന്റെ രണ്ടാം ഭാഗം വരാത്തതിന്റെ കാരണവും റിയാസ് ഖാനെ വില്ലനായി തിരഞ്ഞെടുത്തതിന് പിന്നിലെ വെല്ലുവിളികളും പങ്കുവെക്കുകയാണ് സംവിധായകൻ വി.എം. വിനു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

''പലരും ചോദിച്ചിട്ടുണ്ട് ബാലേട്ടന്റെ രണ്ടാം ഭാഗത്തേക്കുറിച്ച്. മണി സാര്‍ എന്നോട് ചോദിച്ചിരുന്നു, നമുക്ക് രണ്ടാം ഭാഗം ഉണ്ടാക്കിക്കൂടേ എന്ന്. അത് വിജയിക്കണമെന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അന്നത്തെ മോഹന്‍ലാലിന്റെ സിനിമകളുടെ അവസ്ഥ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. അമാനുഷികനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം മീശയും പിരിച്ച് നില്‍ക്കുന്ന സമയമായിരുന്നു. അതൊന്നുമില്ലാതെ പേടിക്കൊടലനായ, ഭീരുവായ, സൗഹൃദത്തിന് വലിയ വില നല്‍കുന്ന, ഫാമിലിയെ പൊതിഞ്ഞ നില്‍ക്കുന്ന ഒരു ഏട്ടനെ ആണ് നമ്മള്‍ അവതരിപ്പിച്ചത്'' വിഎം വിനു പറയുന്നു.

ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഇന്നും ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാൽ തുടക്കത്തിൽ മോഹൻലാലിന്റെ വില്ലനായി റിയാസ് ഖാനെ കാസ്റ്റ് ചെയ്യുന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പോലും ഇത് ശരിയാകുമോ എന്നും ലാൽ സാറിനൊപ്പം നിൽക്കുമ്പോൾ ആരാധകർക്ക് ഇത് ഇഷ്ടപ്പെടുമോ എന്നും തന്നോട് ചോദിച്ചിരുന്നതായി വി.എം. വിനു വെളിപ്പെടുത്തുന്നു.

''റിയാസ് ഖാനെ വില്ലനാക്കിയതിനെക്കുറിച്ച് എന്നോട് പലരും ചോദിച്ചിരുന്നു. ആന്റണി തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, വിനു ചേട്ടാ ഇത് ശരിയാകുമോ? ലാല്‍ സാറിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഫാന്‍സിന് ഇഷ്ടപ്പെടുമോ? അതൊക്കെ ശരിയാകും, ആ തീരുമാനത്തില്‍ മാറ്റമില്ല. എല്ലാത്തിലും കീരിക്കാടന്‍ ജോസിനെ കൊണ്ടിറക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടൊക്കെയാണ് ആ സിനിമ വ്യത്യസ്തമായത്. സുന്ദരനായൊരു വില്ലനായിരുന്നു'' എന്നാണ് വിഎം വിനു പറയുന്നത്.

Content Highlights: Antony recalled having doubts about casting Riyaz Khan as the villain in Balettan. Despite the concerns, the decision to cast Riyaz Khan in the role remained unchanged.

To advertise here,contact us