'ഭർത്താവിന്റെ കാൽക്കീഴിലാണ് ഭാര്യയുടെ സ്വർഗം' എന്ന ഡയലോഗ് പറയാൻ അന്ന് എതിർപ്പ് പ്രകടിപ്പിച്ചു; ഭാഗ്യലക്ഷ്മി

ഭാവനയ്ക്കും കാവ്യയ്ക്കും ഡബ്ബ് ചെയ്തപ്പോൾ ക്രിഞ്ച് തോന്നിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ എണ്ണമറ്റ നായികമാർക്ക് ശബ്ദം നൽകി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. താൻ ഡബ്ബ് ചെയ്ത ചില സിനിമകളും ഡയലോഗുകളും കേട്ടപ്പോൾ തനിക്ക് തന്നെ ക്രിഞ്ചായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി.

'കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ചില സിനിമകളിൽ സ്ത്രീവിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഡയലോഗുകൾ പറയേണ്ടി വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ താൻ സംവിധായകരോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കഥാപാത്രത്തിന്റെ സ്വഭാവം ഉൾക്കൊണ്ട് അവ ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

''പേരുകേട്ടൊരു സിനിമയാണ്. നമ്മള്‍ സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് പറയുന്നത്. പറയാന്‍ പറ്റൂല എന്ന് ഞാന്‍ പറഞ്ഞു. ഭാഗീ, മിണ്ടാതെ ഡബ്ബ് ചെയ്യൂവെന്ന് പറഞ്ഞു. സഹിക്കാന്‍ വയ്യാ, എന്താണിത് എന്ന് ഞാന്‍ ചോദിച്ചു. ആണാകുമ്പോള്‍ ചെളി കണ്ടിടത്ത് ചവിട്ടും, വെള്ളം കണ്ടിടത്ത് കഴുകയും ചെയ്യും. പക്ഷെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ എന്തൊരു വൃത്തികെട്ട ഡയലോഗ് എന്ന് പറയുമായിരുന്നു. കുറച്ച് മുതിര്‍ന്നപ്പോള്‍ ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം എന്ന് പറയും.'' എന്നും താരം പറയുന്നു.

Content Highlights: Dubbing artist Bhagyalakshmi revealed that she had expressed reluctance to deliver a particular line of dialogue while dubbing for Mammootty's film Vesham. She shared the detail while discussing her experiences in Malayalam cinema and dubbing.

To advertise here,contact us