ചുമ്മാ 'സീൻ' ഐറ്റം; ജിത്തു മാധവൻ- സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത് | Suriya | Jithu Madhavan

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സീനിന് ഉണ്ട്

ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ-ജിത്തു മാധവൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ഇതുവരെ സൂര്യ 47 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന് 'സീൻ' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം പോലീസ് വേഷത്തിലെത്തുന്ന സുര്യയെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സീനിന് ഉണ്ട്.

വമ്പൻ മാസ്സ് പരിവേഷത്തിലാണ് സൂര്യയുടെ കഥാപാത്രത്തെ ജിത്തു മാധവൻ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും.

ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നവംബർ ആറാം തീയതി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Jithu Madhavan - Suriya new movie title teaser out

To advertise here,contact us