സ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ

സ്ത്രീകൾക്ക് ലഭിക്കുന്നത് കുറഞ്ഞ അവസരങ്ങൾ; സിനിമാ പാട്ടുകളിലെ വിവേചനം ചൂണ്ടിക്കാട്ടി ശ്രേയ ഘോഷാൽ

സിനിമയിലെ പാട്ടുകളിലും സംഗീത മേഖലയിലും ഇപ്പോഴും പുരുഷാധിപത്യമുണ്ടെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. പാട്ടിന്റെ വരികളും സംഗീതവും ആലാപന രീതിയും ശരിയല്ലെന്ന് തോന്നിയതിനെ തുടർന്ന് വൻ ഹിറ്റായ പല പാട്ടുകളും താൻ വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് ശ്രേയ പറഞ്ഞു. 'ദ മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിലാണ്' പ്രതികരണം.

“വരികൾ മാത്രമല്ല പ്രശ്‌നം. ഗാനത്തിന്റെ സംഗീതവും ആലാപനശൈലിയും പ്രധാനമാണ്. വളരെ ജനപ്രിയമാവുകയും മികച്ച രീതിയിൽ മുന്നേറുകയും ചെയ്ത ചില ഗാനങ്ങളോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്. ഭാഗ്യവശാൽ, ഇപ്പോൾ അത്തരം പാട്ടുകളുടെ എണ്ണം കുറയുന്നുണ്ട്. ഒരു ഘട്ടത്തിൽ സിനിമകളിലെ സ്ത്രീഗായകർക്ക് ലഭിച്ചിരുന്നത് ഇത്തരം ഗാനങ്ങൾ മാത്രമായിരുന്നു. ബാക്കിയുള്ളത് പുരുഷഗായകരുടെ ഗാനങ്ങളോ യുഗ്മഗാനങ്ങളോ ആയിരുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ ചിന്തിക്കണം.

ഇത് ഗായകരെയും നടിമാരെയും ഈ മേഖലയിലെ മറ്റെല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിന് പിന്നിൽ അൽപം പുരുഷാധിപത്യപരവും ലിംഗവിവേചനപരവുമായ ഒരു ചിന്താഗതിയുണ്ട്. ഇൻഡിപെൻഡന്റ് മ്യൂസിക് വളരുന്നതിനൊപ്പം ഈ സാഹചര്യത്തിൽ മാറ്റം വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോഴും സംഗീതരംഗം പുരുഷ കേന്ദ്രീകൃതമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതേക്കുറിച്ച് ഞാൻ നേരത്തെയും വളരെ ശക്തമായി സംസാരിച്ചിട്ടുണ്ട്. അത് നല്ല രീതിയിൽ എടുത്താലും മോശം രീതിയിൽ എടുത്താലും എനിക്ക് പ്രശ്‌നമില്ല; ശ്രേയ ഘോഷാൽ പറഞ്ഞു.

Content Highlights: Singer Shreya Ghoshal said that she has rejected popular songs featuring lyrics that demean women. She highlighted the importance of respectful representation and responsible content in the music industry.

To advertise here,contact us