'ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഉർവശിക്കെതിരെ വിമർശനവുമായി ഭാഗ്യലക്ഷ്മി

വിസ്മയയെ കണ്ടു പഠിക്കണം; ഉർവശിയുടെ നിലപാടിനെതിരെ ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ഉർവശിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. പുതിയ ചിത്രം 'ആശ'യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ ഡബ്ബിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശബ്ദം നൽകിയ കലാകാരന്മാരെക്കുറിച്ച് സംസാരിക്കാതെ ഉർവശി വിഷയം മാറ്റിയതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്.

തന്റെ സിനിമകളിൽ ശബ്ദം നൽകിയവരെക്കുറിച്ച് അഭിനേതാക്കൾക്ക് അറിവില്ലാത്തതുപോലെയാണ് പെരുമാറുന്നതെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. ''ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം.

ഇവിടെയാണ് മോഹന്‍ലാലിന്റെ വിസ്മയയെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും'', എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആദ്യ ചിത്രമായ 'തുടക്ക'ത്തിന്റെ പ്രൊമോഷനിടെ തനിക്ക് ശബ്ദം നൽകിയ ആദിത്യ ലക്ഷ്മിയുടെ പേരെടുത്തുപറഞ്ഞ് വിസ്മയ നന്ദി അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് ഡബ്ബിംഗ് ആർട്ടിസ്റ്റിനാണെന്ന് തുറന്നുപറഞ്ഞ വിസ്മയയെ മാതൃകയാക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. എല്ലാ ഡബ്ബിംഗ് കലാകാരന്മാർക്കും വേണ്ടിയാണ് താൻ ഈ വിഷയം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Content Highlights: Dubbing artist Bhagyalakshmi has raised sharp criticism against actress Urvashi, highlighting concerns over the recognition given to dubbing artists. Her remarks have drawn attention to the role and contribution of voice artists in Malayalam cinema.

To advertise here,contact us