'നീ കത്തനാർ ഇറക്കുന്നോ…അതോ ഞാൻ കത്തി ഇറക്കണോ?'; റോജിൻ തോമസുമായി ജയസൂര്യ പങ്കുവെച്ച ചിത്രം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം

'നീ കത്തനാർ ഇറക്കുന്നോ…അതോ ഞാൻ കത്തി ഇറക്കണോ?'; റോജിൻ തോമസുമായി ജയസൂര്യ പങ്കുവെച്ച ചിത്രം
dot image

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വെറൈറ്റി ചിത്രം പങ്കുവെച്ച് ജയസൂര്യ. തന്റെ പുതിയ ചിത്രം കത്തനാറിന്റെ സംവിധായകൻ റോജിന്റെ നെഞ്ചിൽ കത്തി വച്ച് തമാശ രൂപേണ എടുത്ത ചിത്രമാണ് ഇപ്പോൾ ട്രെൻഡിങ്. 'നീ കത്തനാർ ഇറക്കുന്നോ…അതോ ഞാൻ കത്തി ഇറക്കണോ?' എന്നാണ് ജയസൂര്യ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ കണ്ടപ്പോൾ ലഭിച്ചത്. ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ്, റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. ടൈറ്റില്‍ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പര്‍ നായികാ താരം, അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സനൂപ് സാന്‍, സാന്‍ഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍, ശ്രീകാന്ത് മുരളി, കുല്‍പ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Content Highlights: Jayasurya posts birthday special photo with kathanar movie director

dot image
To advertise here,contact us
dot image