ഈ 'തന്തപ്പണി' മതിയെന്ന് മനസില്‍ തോന്നലുണ്ടായി, അതുകൊണ്ട് അഭിനയം നിര്‍ത്തി; മധു

അഭിനയം നിര്‍ത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍ മധു

മലയാള സിനിമയുടെ കാര്‍ന്നോരാണ് നടന്‍ മധു. തൊണ്ണൂറ് വയസ് കഴിഞ്ഞെങ്കിലും ഈ തലമുറയ്ക്ക് വരെ മധു സര്‍ പ്രിയങ്കരനാണ്. ഇപ്പോഴിതാ അഭിനയം നിര്‍ത്തിയതിനെ കുറിച്ച് പറയുകയാണ് താരം. ഒരു വീഴ്ച സംഭവിച്ചതിനു ശേഷമാണ് താന്‍ അഭിനയം നിര്‍ത്തിയതെന്നും താരം പറയുന്നു.

ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവെന്നും ആ സിനിമയ്ക്ക് ഡേറ്റ് കൊടുത്ത സമയത്താണ് വീണതെന്നും താരം പറയുന്നു. അഭിനയം നിര്‍ത്തിയതിന് ശേഷമാണ് മമ്മൂട്ടി ചിത്രം 'വണ്ണി'ല്‍ താന്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ അഭിനയം നിര്‍ത്തി കഴിഞ്ഞതിന് ശേഷം ചെയ്ത സിനിമയാണ് 'വണ്‍'. പൃഥ്വിരാജിന്റെ 'ലൂസിഫറി'ല്‍ അഭിനയിക്കാമെന്ന് സമ്മതിച്ച് പോയപ്പോള്‍ ഞാനൊന്ന് വീണു. ലൂസിഫറിലെ കഥാപാത്രത്തിന് ഞാന്‍ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. വീഴ്ചയില്‍ എന്റെ മുഖത്തിന്റെ ഒരു ഭാഗം മുറിഞ്ഞു. വാഷ്ബേസിന്റെ സൈഡില്‍ ഇടിച്ചതാണ്. പൃഥ്വിരാജ് ഇവിടെ വന്ന് സംസാരിച്ചു, ഞാന്‍ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. അതെല്ലാം റെഡിയാക്കി പോയപ്പോഴാണ് ഇങ്ങനെയൊരു അടി കിട്ടിയത്. അങ്ങനെ അതില്‍ പോകാനായില്ല.

അപ്പോള്‍ എന്റെ ഉള്ളിലൊരു തോന്നലുണ്ടായി, 'നിര്‍ത്തെടാ… അഭിനയം മതി' എന്ന്. കാരണം എന്താണെന്നുവച്ചാല്‍ കുറേ കഴിഞ്ഞപ്പോള്‍ അച്ഛന്‍ റോളായി മാത്രം പോയി. കാരക്ടര്‍ എന്താണെന്ന് ചോദിച്ചാല്‍, 'ഇന്നയാളുടെ തന്ത' അങ്ങനെയായി. അങ്ങനെ വന്നു കഴിഞ്ഞപ്പോള്‍ ഈ 'തന്തപ്പണി' മതിയെന്ന് മനസില്‍ തോന്നലുണ്ടായി.

ഞാന്‍ എന്തിന് തന്തയാകണമെന്ന് ചോദിച്ചാല്‍, ഈ തന്തയെ വില്ലന്‍മാര്‍ അടിച്ചു കൊല്ലുകയോ എന്തെങ്കിലുമൊക്കെ ചെയ്തു കഴിയുമ്പോള്‍ ഹീറോയ്ക്ക് അവസാനം കയറി ഫൈറ്റ് ചെയ്ത് അവന്‍മാരെയെല്ലാം അടിച്ചിട്ടിട്ട് കയ്യടി വാങ്ങി പടം തീര്‍ക്കണം. അങ്ങനെ ഈ ഹീറോയ്ക്ക് ക്ലൈമാക്സില്‍ അടിപിടിയുണ്ടാക്കാന്‍ വേണ്ടിയിട്ട് ഒരു തന്ത. ഇതെല്ലാം ഓര്‍ത്ത് ഇനി അഭിനയിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്ന സമയത്താണ് വീഴ്ച സംഭവിക്കുന്നത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു, മതി, ഞാന്‍ ഇനി അഭിനയിക്കുന്നില്ല. 'വണ്ണി'ല്‍ അഭിനയിച്ചത് എങ്ങനെയാണെന്ന് വച്ചാല്‍, ഇതൊക്കെ കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് മമ്മൂട്ടി വീട്ടിലേക്ക് വന്നു. സാര്‍ വരണമെന്നത് എന്റെ ഒരു ആഗ്രഹമാണ്. ഈ പടം തുടങ്ങുമ്പോള്‍ തന്നെ ഞാനും സംവിധായകനുമെല്ലാം ഈ റോള്‍ സാര്‍ അഭിനയിക്കണമെന്ന് മനസിലുണ്ടായിരുന്നു.

സാര്‍ അഭിനയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പ് ഉണ്ടായിരുന്നു. ആ?ഗ്രഹവുമുണ്ടായിരുന്നു. എന്റെ ?ഗുരുവായിട്ടാണ് സാര്‍. അതിന് മറ്റൊരാളെ ഞാന്‍ കാണുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. 'ആ ശരി ആയിക്കോട്ടെ' എന്ന് ഞാനും പറഞ്ഞു.

ഇവിടെ വന്ന് ഷൂട്ട് ചെയ്തോളാമെന്ന് പറഞ്ഞു. ഒരു ദിവസം സന്ധ്യയ്ക്ക് ആറ് മണിക്ക് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി. 9 മണിക്ക് തിരിച്ച് വിടുകയും ചെയ്തു. അങ്ങനെയാണ് 'വണ്ണി'ല്‍ അഭിനയിക്കുന്നത്'. - മധു പറഞ്ഞു.

Content Highlights: Actor Madhu opens up about her failure in acting in films. The actor says he stopped acting after a fall

To advertise here,contact us