അന്ന് ഷാജി സാറിന്റെ സിനിമയിലെ ജൂനിയര്‍ ആർട്ടിസ്റ്റായിരുന്നു ഞാന്‍, ഇന്ന് നായകനായി, നന്ദി പറഞ്ഞ് ജോജു ജോർജ്

മുടി കളറൊക്കെ ചെയ്ത് നരച്ച ലുക്കിൽ ‘ജോസഫ്’ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എന്നെ വിളിച്ച് പൊറിഞ്ചുവാക്കിയത്. ആ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നുപോലും ഐഡിയ ഉണ്ടായിരുന്നില്ല.

ജൂനിയർ താരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ നടനാണ് ജോജു ജോർജ്. നടന്റേതായി തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം വരവ് ആണ്. സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ ജോജു പറഞ്ഞ വാക്കുകൾന ശ്രദ്ധ നേടുന്നത്. ജോസഫ് എന്ന ചിത്രം ചെയ്യുമ്പോഴാണ് പൊറിഞ്ചു മറിയം ജോസഫിലേക്ക് ജോഷി ക്ഷണിച്ചതെന്ന് ജോജു പറഞ്ഞു. പൊറിഞ്ചു എന്ന കഥാപാത്രം അവതരിപ്പിക്കാനുള്ള ധൈര്യം തന്നത് സംവിധായകൻ ജോഷിയാണെന്നും ജോജു പറഞ്ഞു. ഷാജി കൈലാസ് ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ താൻ ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ നായകനായതിലെ സന്തോഷവും ജോജു പങ്കിട്ടു.

'എന്നെ ഇടിക്കാൻ പഠിപ്പിച്ചയാളാണ് ജോഷി സാർ. ഞാൻ മുടി കളറൊക്കെ ചെയ്ത് നരച്ച ലുക്കിൽ ‘ജോസഫ്’ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എന്നെ വിളിച്ച് പൊറിഞ്ചുവാക്കിയത്. ആ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നുപോലും ഐഡിയ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം തന്ന് എനിക്ക് ധൈര്യം തന്നത് ജോഷി സാറാണ്. അതിനുശേഷം ആന്റണി എന്ന ചിത്രം ചെയ്തു. ജോഷി സാറിന്റെ സിനിമയിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിട്ടുണ്ട്.

ഷാജി സാറിന്റെ ബാബാ കല്യാണി എന്ന ചിത്രത്തിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ലാലേട്ടനെ തൊട്ടടുത്ത് കാണുന്നത് ആ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു. അതിനുമുൻപ് വല്യേട്ടൻ എന്ന ചിത്രത്തിന്റെ സെറ്റിന് പുറത്തുനിന്ന് ഷൂട്ടിങ് കാണാനുള്ള അവസരമുണ്ടായി. അവിടെനിന്ന് ഇവിടെയെത്തി നിൽക്കുമ്പോൾ ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. ഇതിൽപരം വലിയ അനുഗ്രഹം വേറെയില്ല. എല്ലാവരേയും പോലെ ഈ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. തിരക്കഥാകൃത്ത് എ.കെ. സാജനുമായി മുപ്പതുവർഷത്തോളമായുള്ള ബന്ധമാണ്,' ജോജു ജോർജ് പറഞ്ഞു.

ശ്രീ ഗോകുലം മൂവീസാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളില്‍ എത്തിക്കുന്നത്. മലയാള സിനിമയുടെ മാസ്സ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതാന്‍ ജോജു ജോര്‍ജ് - ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോള്‍, ആ വരവിനെ കൂടുതല്‍ ഗംഭീരമാക്കുകയാണ് ശ്രീ ഗോകുലം മൂവീസ്. ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, ഹൃദയത്തെ സ്പര്‍ശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു.

ആക്ഷന്‍ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിംഗ്, അഭിനയത്തിന്റെ കരുത്തുമായി ജോജു ജോര്‍ജ്, ഓരോ ഫ്രെയിമും തീയേറ്ററില്‍ ആഘോഷമാകുമെന്ന പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ക്ക്. എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും, യുവ തലമുറ ഏറെ ഇഷ്ട്ടപ്പെടുന്ന സാം സി.എസിന്റെ മാസ്സ് സംഗീതവും ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഒരു ആക്ഷന്‍ ത്രില്ലര്‍ മാത്രമല്ല കുടുംബവും പ്രതികാരവും അതിജീവനവും ചേര്‍ന്ന ഒരു പക്കാ തീയേറ്റര്‍ എക്‌സ്പീരിയന്‍സാണ്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജുവിനൊപ്പം അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, കരുത്തുറ്റ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാണി വിശ്വനാഥ്, വ്യത്യസ്ത വേഷങ്ങളുടെ അഭിനയ മികവില്‍ ഇഷ്ട താരമായി മാറിയ സുകന്യ, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Content Highlights:  Actor Joju George, who started his film journey as a junior artist in 1995, has spoken about the directors who played a key role in shaping his career. His breakthrough came with Joseph directed by M. Padmakumar, which established him as a leading performer in Malayalam cinema.

To advertise here,contact us