തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.
ഷെയ്ൻ നിഗം നായകനായെത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്തത്. കേരള- തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. ജൂലൈ 10 മുതൽ ബൾട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.
സിജു വിത്സൺ നായകനായെത്തിയ മെഡിക്കൽ ത്രില്ലർ ചിത്രം ഡോസ് ഈ വാരം ഒടിടിയിൽ എത്തും. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
ജയറാം - ഉർവശി ടീം വീണ്ടും ഒന്നിച്ച സിനിമയാണ് പരിമള ആൻഡ് കോ. പാണ്ഡിരാജ് ഒരുക്കിയ സിനിമയ്ക്ക് തിയേറ്ററിൽ നിന്നും ഭേദപ്പെട്ട പ്രതികരണം ലഭിച്ചിരുന്നു. സീ 5 ലൂടെ ജൂലൈ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്. ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: Several successful theatrical releases are preparing for their OTT debut this week. Popular films that received strong audience responses in cinemas will now reach streaming platforms, where they will be tested by a wider audience.