ആമിറിൻ്റെ അഭിനയം മോശമെന്ന് ഒരാൾ പറഞ്ഞു, പക്ഷേ അദ്ദേഹത്തിന്റെ മറുപടി അത്ഭുതപ്പെടുത്തി: വിഷ്ണു വിശാൽ

'സിനിമ ഇഷ്ടമായി എന്ന് പറഞ്ഞവരെ അദ്ദേഹം പറഞ്ഞു വിട്ടു. എന്നിട്ട് സിനിമ ഇഷ്ടമാകാത്തവർക്ക് ഒപ്പം അദ്ദേഹം ഇരുന്നു. എന്തുകൊണ്ട് അവർക്ക് സിനിമ ഇഷ്ടമായില്ല എന്ന് ചർച്ച ചെയ്യാൻ തുടങ്ങി'

ഓരോ സിനിമയുടെയും നമ്മളെ ഞെട്ടിക്കാറുള്ള സംവിധായകൻ ആണ് ആമിർ ഖാൻ. ഒരു നീണ്ട പരാജയങ്ങൾക്കൊടുവിൽ നടന്റേതായി പുറത്തിറങ്ങിയ സിനിമയാണ് സിത്താരെ സമീൻ പർ. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. എന്നാൽ സിനിമയുടെ ടെസ്റ്റ് സ്‌ക്രീനിങ്ങിൽ ചിത്രം ചിലർ ഇഷ്ടമായില്ലെന്നും ആമിർ ഖാന്റെ അഭിനയം മോശമാണെന്ന് വരെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന് മനസുതുറക്കുകയാണ് വിഷ്ണു വിശാൽ.

'സിത്താരെ സമീൻ പർ സ്പെഷ്യൽ പ്രിവ്യു ഷോ കാണാൻ ആമിർ ഖാൻ എന്നെ ക്ഷണിച്ചിരുന്നു. പടം കണ്ടു കഴിഞ്ഞ് ആരൊക്കെ പടം ഇഷ്ടമായി എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ചിലർ കൈ പൊക്കി. അതിനൊപ്പം ആർക്കൊക്കെ ആവറേജ് ആയി തോന്നി, ആർക്കൊക്കെ ഒട്ടും ഇഷമായില്ല എന്നും അദ്ദേഹം ചോദിച്ചു. സിനിമ ഇഷ്ടമായി എന്ന് പറഞ്ഞവരെ അദ്ദേഹം പറഞ്ഞു വിട്ടു. എന്നിട്ട് സിനിമ ഇഷ്ടമാകാത്തവർക്ക് ഒപ്പം അദ്ദേഹം ഇരുന്നു. എന്തുകൊണ്ട് അവർക്ക് സിനിമ ഇഷ്ടമായില്ല എന്ന് ചർച്ച ചെയ്യാൻ തുടങ്ങി. ഒരാൾ ആമിർ ഖാന്റെ അഭിനയം ശരിയല്ല എന്നുവരെ പറഞ്ഞു. അദ്ദേഹം അത് കേട്ടിട്ട് വളരെ ശാന്തമായി ഒരുന കുട്ടിയെ പോലെ 'ഞാൻ നന്നായി ആണല്ലോ പെർഫോം ചെയ്തത്' എന്ന് പറഞ്ഞു. ആ സീൻ റീ ഷൂട്ട് ചെയ്യണമോ എന്നുവരെ അദ്ദേഹം ചോദിച്ചു', വിഷ്ണു വിശാലിന്റെ വാക്കുകൾ.

ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിത്താരെ സമീൻ പർ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Content Highlights: Actor Vishnu Vishal recalled an incident where someone criticized Aamir Khan's acting, revealing that the Bollywood star's response left everyone surprised.

To advertise here,contact us