സലിം കുമാറിന്റെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുകയാണ്. അദ്ദേഹത്തിന്റെ കോമഡി സീനുകൾ കാണാത്ത, ഡയലോഗുകൾ പറയാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാകാറില്ല. എന്നാൽ തമാശകൾക്കും കൗണ്ടറുകൾക്കും അപ്പുറം മനുഷ്യജീവിതത്തിന്റെ പല അടരുകൾ സലിം കുമാറിലെ അഭിനേതാവ് നൽകിയിട്ടുണ്ട്.
ലാൽ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട് ഉള്ളുലയ്ക്കുന്ന സിനിമയായി മാറിയപ്പോൾ അതിനൊപ്പം സാമുവേലിനെയും പ്രേക്ഷകർ ഓർമിക്കുന്നുണ്ടാകും. കാരണം അത്രപെട്ടെന്ന് മറക്കാനാകുമായിരുന്ന പ്രകടനമായിരുന്നില്ല സലിം കുമാർ കാഴ്ചവെച്ചത്. സ്വന്തം മകളുടെ ജീവിതം കണ്മുൻപിൽ തകർന്ന് വീഴുമ്പോൾ സമനിലതെറ്റിപ്പോകുന്ന ഒരച്ഛനായി സലിം കുമാർ തകർത്താടി.
തമാശകൾ പറയാനും ചിരിപ്പിക്കാനും മാത്രമല്ല ഉള്ളുനോവുന്ന പ്രകടനത്തിലൂടെ കരയിപ്പിക്കാനും തനിക്കാകും എന്ന് സലിം കുമാർ അച്ഛനുറങ്ങാത്ത വീടിലൂടെ തെളിയിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും അന്ന് സലിം കുമാർ നേടി.
ആദാമിന്റെ മകൻ അബു കണ്ടവർ ആരും തന്നെ സലിം കുമാറിന്റെ പ്രകടനത്തിൽ അത്ഭുതപ്പെടാതിരുന്നിട്ടില്ല. തുടർച്ചയായുള്ള കോമഡി റോളുകളിൽ നിന്നുള്ള സലിംകുമാറിന്റെ മോചനമായിരുന്നു അബു എന്ന കഥാപാത്രം. ഹജ്ജിന് പോകാൻ തയ്യാറെടുക്കുന്ന അബുവും ഭാര്യയും അവർ നേരിടുന്ന പ്രശ്നങ്ങളെയും സലിം അഹമ്മദ് ചിത്രത്തിലൂടെ വരച്ചുകാട്ടിയപ്പോൾ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ആയിരുന്നു സലിം കുമാറിനെ തേടിയെത്തിയത്.
പെരുമഴക്കാലത്തിലെ ആമു ഇളയപ്പയും, പത്തേമാരിയിലെ അച്ഛനായ ഗോവിന്ദനുമെല്ലാം ചെറിയ സമയത്തേക്കെങ്കിലും എത്തി അമ്പരപ്പിച്ച സലിം കുമാർ വേഷങ്ങളാണ്. ജോണി ആന്റണി ഒരുക്കിയ മാസ്റ്റേഴ്സിലെ മോനിച്ചൻ എന്ന അച്ഛൻ കഥാപാത്രവും തമാശയിൽ നിന്ന് വഴിമാറി നിന്ന സലിം കുമാർ കഥാപാത്രമായി. ത്രില്ലർ മൂഡിൽ ഒരുങ്ങിയ ഈ പൃഥ്വിരാജ് സിനിമയിൽ കഥാഗതിയിൽ പ്രധാനവഴിത്തിരിവുണ്ടാക്കിയ കഥാപാത്രം കൂടി ആയിരുന്നു സലിം കുമാറിന്റേത്.
ദിലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ എന്ന കഥാപാത്രം സിനിമയിൽ ഉടനീളം ചിരിപ്പിച്ച് ഒരൊറ്റ സീനിൽ കരയിപ്പിച്ച റോളായി മാറി. തന്റെ മകന് വേണ്ടിയുള്ള ശവപ്പെട്ടിക്കായുള്ള തിരച്ചിലും അത് ലഭിച്ചതിന് ശേഷമുള്ള അയാളുടെ പൊട്ടിക്കരച്ചിലും അതുവരെ ചിരിപ്പിച്ച നടന്റെ മറ്റൊരു മുഖമാണ്.
ഒരിടവേളയ്ക്ക് ശേഷം സലിം കുമാറിലെ അഭിനേതാവിന്റെ യഥാർത്ഥ പൊട്ടൻഷ്യൽ കാണിച്ച സിനിമയായിരുന്നു ക്വീൻ. അഡ്വക്കേറ്റ് മുകുന്ദൻ എന്ന വക്കീലായി സെക്കൻഡ് ഹാഫിൽ എത്തി അത്യുഗ്രൻ പ്രകടനമായിരുന്നു സലിം കുമാറിന്റേത്. 'ഏതാണ് ഒരു പെൺകുട്ടിക്ക് അസമയം' എന്ന അദ്ദേഹത്തിന്റെ ഡയലോഗ് ചിത്രം കണ്ടവർ ആരും മറക്കില്ല. സിനിമയുടെ രണ്ടാം പകുതിയുടെ നട്ടെല്ല് തന്നെ സലിം കുമാറിന്റെ ഈ പ്രകടനം ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ രംഗങ്ങൾ റീവാച്ച് ചെയ്യുന്നവരാകും നമ്മൾ.
സലിം കുമാറിന്റെ വിടവാങ്ങൽ മലയാള സിനിമയ്ക്ക് നൽകുന്ന ശൂന്യത വളരെ വലുതാണ്. മലയാള സിനിമ സലിം കുമാറിലെ നടനെ ഇനിയുമേറെ ഉപയോഗിക്കാനുണ്ടായിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം.
Content Highlights: Salim Kumar's different roles in movies. While we all enjoy Salim Kumar in a comedy role we are also in awe of his serious roles.