പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പിആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖർ 2026ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡിന് അർഹനായി. വിനോദ-മാധ്യമ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി 'Excellence in Entertainment Media Strategy' വിഭാഗത്തിലാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.
മലയാള സിനിമാ മേഖലയിലും മറ്റ് ഇതരഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ പിആർ, മാർക്കറ്റിംഗ് രംഗങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന പ്രതീഷ്, ശ്രദ്ധേയമായ ചില മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് സിനിമാ പിആർ രംഗത്തേക്ക് എത്തുന്നത്. നിരവധി പ്രമുഖ ചിത്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും മീഡിയ സ്ട്രാറ്റജികൾക്കും നേതൃത്വം നൽകിയിട്ടുള്ള പ്രതീഷ് ശേഖർ, സിനിമാ വ്യവസായത്തിലും മാധ്യമ രംഗത്തും വിശ്വസ്ത സാന്നിധ്യമായാണ് അറിയപ്പെടുന്നത്. സിനിമകളുടെ റിലീസ് ക്യാമ്പെയ്നുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, മീഡിയ മാനേജ്മെന്റ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിലെ മികവാണ് അദ്ദേഹത്തെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയത്.
അവാർഡ് സ്വീകരിച്ച ശേഷം പ്രതികരിച്ച പ്രതീഷ് ശേഖർ, ഈ അംഗീകാരം തന്റെ കരിയറിലെ ഏറ്റവും വിലമതിക്കാനാവാത്ത നേട്ടങ്ങളിൽ ഒന്നാണെന്നും, സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെയും മാധ്യമ സുഹൃത്തുക്കളുടെയും നിരന്തര പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയെന്നും പറഞ്ഞു.
“എന്റെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിക്കുകയും തുടർച്ചയായി പിന്തുണ നൽകുകയും ചെയ്ത സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും മാധ്യമ പ്രവർത്തകർക്കും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ അംഗീകാരം കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എനിക്ക് പ്രചോദനമാകുന്നു” പ്രതീഷ് കൂട്ടിച്ചേർത്തു.
സൂര്യ നായകനായ 'കറുപ്പ്' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രതീഷിന്റേതായി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെയും ചിത്രങ്ങൾക്ക് പിആർഒ ആയി പ്രവർത്തിക്കുന്ന പ്രതീഷ് ശേഖർ, പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി, തമിഴ്നാട് മുഖ്യമന്ത്രി വിജയ് എന്നിവരുടെ സിനിമകളുടെയും പിആർഒ കൂടിയാണ്.
Content Highlight: Media strategist Pratheesh Shekhar won the 2026 Indywood Excellence Award for his outstanding PR and marketing contributions to South Indian cinema.