

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാട്ടാളൻ സൂപ്പർ ഹിറ്റാകുമെന്നാണ് പടം കണ്ടിറങ്ങിയവർ പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ആഗോള തലത്തിൽ നിന്ന് ആദ്യ ദിനം കാട്ടാളൻ നേടിയത് 9.02 കോടിയാണ്. കേരളത്തിൽ നിന്ന് 3.91 കോടിയും ഇന്ത്യയിൽ നിന്നും 3.47 കോടിയുമാണ് കാട്ടാളൻ നേടിയിരിക്കുന്നത്. കാട്ടാളൻ തിയേറ്റർ തൂക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.
ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.
മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്ലൻഡിൽ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ- ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ. ആണ്.
Content Highlights: Kaattalan has made a powerful start at the box office with solid first-day collections and energetic audience response in theatres. The film’s opening performance has created excitement among Malayalam cinema fans and trade analysts alike.