ആട്ടം, ഇത്തിരി നേരം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സെറിൻ ഷിഹാബ്. മമ്മൂട്ടി, മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പേട്രിയറ്റിലും സെറിൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി. പേട്രിയറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു സെറിൻ ഷിഹാബ്.
'ഫ്രെയിമിൽ ഇല്ലാത്ത സമയത്ത് മമ്മൂക്ക ഫാൻ ഗേളും ഫ്രെയിമിൽ ഉള്ളപ്പോൾ അഭിനേതാവുമാണ് ഞാൻ. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് തന്നെ ഒരു വലിയ സംഭവമാണ്. അതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത്, ഓഡിഷന് കൊടുക്കുന്ന പെർഫോമൻസ് വീഡിയോ 'മതിലുകൾ' എന്ന സിനിമയിലെ സീനായിരുന്നു. ആ സീനെടുത്ത് പെർഫോം ചെയ്യുമ്പോൾ ഞാനൊരിക്കലും ഇത് വിചാരിച്ചിരുന്നില്ല. ഒരു ഏഴ്- എട്ട് വർഷം മുൻപായിരുന്നു ഈ സംഭവം. ആ സീൻ ചെയ്യുമ്പോൾ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല മമ്മൂക്കയുടെ കൂടെ പെർഫോം ചെയ്യാൻ പറ്റുമെന്ന്. ഈ സംഭവിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് എന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്. സന്തോഷമുണ്ട്', സെറിൻ ഷിഹാബിന്റെ വാക്കുകൾ.
പേട്രിയറ്റ് നാളെ തിയേറ്ററിലെത്തും. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Zarin Shihab talks about Mammootty and mathilukal movie