മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവർക്ക് രണ്ടുപേർക്ക് ഒപ്പവും പാർവതി തിരുവോത്ത് അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയിലും മോഹൻലാലിനൊപ്പം ഫ്ലാഷ് എന്ന സിനിമയിലും ആണ് പാർവതി അഭിനയിച്ചത്. ഇപ്പോഴിതാ ഇവർക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് പാർവതി. മോഹൻലാലിനെയും മമ്മൂട്ടിയേയും എന്തുകൊണ്ടാണ് ഇതിഹാസം എന്നു വിളിക്കുന്നതെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു.
'ഞാൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചത് ഒരുപാട് കാലം മുമ്പാണ്. അന്ന് എനിക്ക് 19 വയസ്സായിരുന്നു; ഇപ്പോൾ എനിക്ക് 38 വയസ്സായി.അഭിനേതാവെന്ന നിലയിൽ ക്യാരക്ടറിൽ നിന്നും സ്വിച്ച് ചെയ്യാൻ അദ്ദേഹത്തിനുള്ള പ്രസന്റ്സ് ഓഫ് മെെൻഡ് എന്നെ അത്ഭുതപ്പെടുത്തി. ജഗതി ശ്രീകുമാറും സെറ്റിലുണ്ടായിരുന്നു. ഒരു സീനേ ഒപ്പമുണ്ടായിരുന്നുള്ളൂ. അവർ പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് വേണ്ട ക്വാളിറ്റി അതാണെന്ന് ഞാൻ മനസിലാക്കി.
ഇപ്പോൾ എനിക്ക് അങ്ങനെ സ്വിച്ച് ചെയ്യാമെന്ന് അഭിമാനത്തോടെ പറയാം. സെറ്റിൽ ഒപ്പമുള്ളവരോട് കരുതൽ കാണിക്കുന്നതും. ഈ ലെജൻഡുകൾ സെറ്റിൽ നല്ല മനുഷ്യരാണ്. എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല. അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ചില നടൻമാരെ ലെജൻഡായി ആളുകൾ കാണുന്നതിന് കാരണം അതാണ്. സെറ്റിലേക്ക് വന്ന് സെറ്റ് മെച്ചപ്പെട്ടയിടമാക്കി അവർ മാറ്റുന്നു.
മമ്മൂട്ടിയോടൊപ്പം അതേ അനുഭവമായിരുന്നു. തീർച്ചയായും ഇങ്ങനെയുള്ളവർ സെറ്റിലേക്ക് വരുമ്പോൾ അവിടെ വലിയൊരു ഗാംഭീര്യമുണ്ടാകും. എല്ലാവരും നിശബ്ദരാകും. എങ്കിലും അവർ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ അവർ ഇത്ര വലിയ ഇതിഹാസങ്ങളാണെന്ന കാര്യം നാം മറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും? ഉദാഹരണത്തിന്, എനിക്ക് അവരെ അടിക്കുന്ന ഒരു രംഗം ഉണ്ടെങ്കിൽ ഞാൻ അവരെ വിസ്മയത്തോടെ നോക്കി നിന്നാൽ എങ്ങനെ അത് സാധിക്കും? ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും തങ്ങളുടെ കലയ്ക്കോ ചെയ്യുന്ന ജോലിക്കോ തടസ്സമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണ്,' പാർവതി പറഞ്ഞു.
Content Highlights: Parvathy Thiruvoth has opened up about why she calls Mammootty and Mohanlal legends of Malayalam cinema. She praised their immense contribution to the industry, their long-standing careers, and the influence they continue to have on generations of actors and audiences. Her words reflect the deep respect many artists have for the two iconic stars.