മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റ് പ്രസ്മീറ്റിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ താനും മോഹൻലാലും എത്തുന്നത് പസ്പരം തല്ലു കൂടാനും പഞ്ച് ഡയലോഗ് പറയാനോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു.
'മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് അത്രത്തോളം സ്വീകരിക്കില്ല. കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടുപേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്. ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്സ്യൽ വാല്യൂവും ഉള്ളവരാണ്.
ഈ സ്റ്റാർഡം ഒക്കെ നിങ്ങൾ ഉണ്ടാക്കി തന്നതാണ്. സിനിമയിൽ ഇത്തരത്തിൽ അഭിനയിക്കാനും വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്. ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്,' മമ്മൂട്ടി പറഞ്ഞു.
Content Highlights: Mammootty has stated that there is no competition between him and Mohanlal over the movie Patriot. The veteran actor emphasized that both of them share mutual respect and friendship rather than rivalry. His response has once again highlighted the strong bond between the two biggest stars of Malayalam cinema, delighting fans of both actors.