മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ സിനിമയാണ് ചന്ദ്രോത്സവം. തിയേറ്റർ റിലീസിൽ പരാജയമായി ചിത്രം പിന്നീട് ഒരു കൾട്ട് ഫോളോയിങ് ഉണ്ടാക്കിയെടുത്തു. ഇന്ന് നിരവധി ആരാധകരാണ് ഈ സിനിമയ്ക്ക് ഉള്ളത്. ഇപ്പോഴിതാ സിനിമയിലെ മോഹൻലാലിന്റെ ഇൻട്രോ സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ഛായാഗ്രാഹകൻ അളഗപ്പൻ. സിനിമയിൽ മോഹന്‍ലാല്‍ സൈക്കിള്‍ ചവുട്ടി വരുന്നതായിരുന്നു ഇന്‍ട്രോ രംഗം. സൈക്കിളില്‍ വന്നിറങ്ങിയ ശേഷം മോഹന്‍ലാല്‍ ഡയലോഗ് പറയുകയും അത് കഴിഞ്ഞയുടനെ സൈക്കിള്‍ മറിഞ്ഞു വീഴുന്നതുമായിരുന്നു രംഗം. ആ സൈക്കിള്‍ വീണതിനെക്കുറിച്ചാണ് അളകപ്പന് മനസുതുറന്നത്.
'അത് സ്വാഭാവികമായി വീണതാണ്. ഒരു ഗിമ്മിക്കുമില്ല. വീഴ്ത്താനായി കെട്ടുകമ്പി കെട്ടാനും വലിക്കാനുമൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ലാലേട്ടന് അതൊന്നും വേണ്ടെന്ന് പറഞ്ഞു. വന്ന് നിര്‍ത്തിയ പൊസിഷന്‍ കാരണമാണ് വീണത്. മമ്മൂക്കയായാലും ലാലേട്ടന് ആയാലും അവര്‍ എന്താണ് ടേക്കില്‍ തരികയെന്ന് നമുക്ക് പറയാനാകില്ല. നന്നായിട്ട് ചെയ്യുമെന്ന് മാത്രമേ ഊഹിക്കാനാകൂ. ലാലേട്ടന്റേയും മമ്മൂക്കയുടേയും പടങ്ങളില്‍ ഞാനത് ക്യാമറയിലൂടെ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അന്ന് കെട്ടുക്കമ്പിയൊന്നും കെട്ടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വന്ന് വച്ച രീതിയിലാണ് കാര്യം. ഡയലോഗ് പറഞ്ഞതും അത് ടക്ക് എന്ന് വീണു', അളഗപ്പന്റെ വാക്കുകൾ.
മീന, രഞ്ജിത്ത്, ഖുശ്ബു, കൊച്ചിൻ ഹനീഫ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് ചന്ദ്രോത്സവം. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റാണ്. വിദ്യാസാഗർ ആണ് സിനിമയ്ക്കായി സംഗീതം നൽകിയത്. അതേസമയം, ദൃശ്യം 3 ആണ് ഇനി പുറത്തുവരാനുള്ള മോഹൻലാൽ ചിത്രം. സിനിമ മെയ് 21 ന് റിലീസിന് ഒരുങ്ങുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
Content Highlights: cinematographer Alagappan about Mohanlal's intro scene in Chandrolsavam