ആദ്യ ഷോ കഴിയുമ്പോൾ തന്നെ ടാർഗറ്റ് ചെയ്യുന്നു, സ്ഥിരമായി എന്റെ സിനിമയ്ക്ക് നെഗറ്റീവ് എഴുതുന്നവർ ഉണ്ട്: ജീത്തു

'കുറച്ച് പേർ കുറ്റം പറയുന്നതിന് പിന്നിൽ വേറെ ചില കാരണങ്ങൾ ഉണ്ട്, അത് എന്താണെന്ന് ഞാൻ തപ്പി കണ്ടുപിടിച്ചു'

നിരവധി സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച സംവിധായകൻ ആണ് ജീത്തു ജോസഫ്. മോഹൻലാൽ ചിത്രം ദൃശ്യം 3 ആണ് ഇനി വരാനിരിക്കുന്ന ജീത്തു ചിത്രം. എന്നാൽ പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലെ ടെക്‌നികൽ വശങ്ങൾക്ക് വലിയ വിമർശനങ്ങൾ ലഭിക്കാറുണ്ട്. സീരിയൽ ലെവൽ മേക്കിങ് എന്ന തരത്തിലുള്ള ട്രോളുകളും അദ്ദേഹത്തിന്റെ സിനിമകൾക്ക് നേരെ ഉയരാറുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ജീത്തു ജോസഫ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്‌.

'ഇപ്പോൾ വരുന്ന സിനിമകളിൽ എല്ലാം ഒരു കളർഫുൾ ലൈറ്റിംഗ് പരിപാടി കാണാം. അതാണ് പറയുന്നത് എന്റെ സിനിമകളിലേക്ക് എത്തുമ്പോൾ അത് എന്റെ ടീമിന്റെ കുഴപ്പമല്ല. എനിക്ക് അത് കുറച്ച് റിയലിസ്റ്റിക് ആയി തന്നെ മതി എന്നതുകൊണ്ടാണ്. പിന്നെ കുറച്ച് പേർ കുറ്റം പറയുന്നതിന് പിന്നിൽ വേറെ ചില കാരണങ്ങൾ ഉണ്ട്, അത് എന്താണെന്ന് ഞാൻ തപ്പി കണ്ടുപിടിച്ചു. പേർസണലി ചിലരെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ഞാൻ കണ്ടു. കുറേ ആളുകൾ എല്ലാ സിനിമയ്ക്കും വന്നിരുന്ന് നെഗറ്റീവ് എഴുതുന്നുണ്ട്. പിന്നെ മറ്റു ചിലർ സ്ഥിരമായി ഇത്തരം പോസ്റ്റുകൾ കാണുന്നതുകൊണ്ട് ബ്രെയിൻ വാഷ്ഡ് ആകും, അങ്ങനെ വിമർശിക്കുന്നവർ ഉണ്ട്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ തന്നെ ടാർഗറ്റ് ചെയ്യുന്നവർ ഉണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ആർട്ടിനെ അടക്കം ഞാൻ നിയന്ത്രിക്കാറുണ്ട് കാരണം എനിക്ക് കുറച്ച് റിയലിസ്റ്റിക് ആയി തന്നെ വേണം', ജീത്തു ജോസഫിന്റെ വാക്കുകൾ.

Jeethu Joseph responds to criticism over the declining technical quality in his recent films❗pic.twitter.com/2Ie7wIfGrs

അതേസമയം, ദൃശ്യം 3 മെയ് 21 ന് റിലീസിന് ഒരുങ്ങുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

Content Highlights: My films are targeted as soon as the first show is over, there are people who constantly write negative things about my film says Jeethu Joseph

To advertise here,contact us