

നടനും സംവിധായകനുമായ അർജുൻ സർജയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. അർജുന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തിലെ രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനമുയരുന്നത്. മകൾ നായികയായ ചിത്രത്തിൽ, സ്ത്രീ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ചുവെന്നാണ് ആരോപണം.
അർജുൻ സംവിധാനം ചെയ്തു മകൾ ഐശ്വര്യ നായികയായി എത്തിയ സിനിമയാണ് സീതാ പയനം. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ് ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് വിമർശനത്തിന് കാരണമായത്. ഒരു സോഷ്യൽ മീഡിയ പേജിലൂടെ ആണ് ഈ രംഗം പങ്കുവെച്ചുകൊണ്ട് വിമർശനം ഉന്നയിച്ചത്. അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായ മകൾക്കുപോലും സ്ത്രീ ശരീരത്തിന്റെ ഒബ്ജക്ടിഫിക്കേഷനിൽ നിന്ന് രക്ഷയില്ലെന്നാണ് കമന്റുകൾ.
'ആ സീനിൽ ഈ ഷോട്ടുകൾ ഒട്ടും ആവശ്യമില്ലായിരുന്നു. എന്നിട്ടും ഉൾപ്പെടുത്തി. കാലങ്ങളായി സ്ത്രീകളെ സിനിമയിൽ ഒബ്ജക്ടിഫൈ ചെയ്യുന്നുണ്ട്. ഇത് അതിന്റെ മറ്റൊരു ഉദാഹരണം മാത്രം. ഞാൻ ഈ സിനിമ തെലുങ്കിൽ കണ്ടു. തെലുങ്കാണെങ്കിലും മറ്റേതെങ്കിലും ഭാഷയാണെങ്കിലും സ്വന്തം അച്ഛൻ സംവിധാനം ചെയ്യുന്ന സിനിമയിൽപോലും നടിമാർക്ക് ഇത്തരം ചിത്രീകരണങ്ങളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല. 2026-ലും ഇങ്ങനെ ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ ഒരു സമൂഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്?. ഇപ്പോഴും ഇങ്ങനെയാണ് ചിത്രങ്ങൾ നിർമിക്കപ്പെടുന്നത്. സിനിമകളിൽ സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ, എന്തുകൊണ്ട് പുരുഷന്മാരേയും അങ്ങനെ ചെയ്യുന്നില്ല?', നാ ലോനി ഭാവലു എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
കമന്റ് ബോക്സിൽ യുവതിയെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. ആ സീനിൽ ഒബ്ജെക്റ്റിഫിക്കേഷൻ ആയി ഒന്നുമില്ല. ഇന്ന് ഇൻസ്റ്റഗ്രാം തുറന്നാൽ എല്ലാ പെൺകുട്ടികളും ഇത് തന്നെയാണ് ചെയ്യുന്നത്. അതിനർത്ഥം അവർ സ്വയം ഒബ്ജെക്ടിഫൈ ചെയ്യുന്നു എന്നാണോ?' എന്നാണ് ഒരാൾ കമന്റായി കുറിച്ചിരിക്കുന്നത്. ഇത് അച്ഛൻ- മകൾ പ്രശ്നം മാത്രമല്ലെന്നാണ് ഇൻഫ്ളുവൻസറുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
Content Highlights: Close-up of the heroine's waist in the song Actor Arjun criticized