ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറാണ് പള്ളിച്ചട്ടമ്പി. ഇന്നലെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. സിനിമയിലെ ടൊവിനോയുടെ പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട് എങ്കിലും ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും വലിയ വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. പൃഥ്വിരാജ് സിനിമയിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിയുടെ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
രൗദ്ര ഭാവത്തോടെ കയ്യിൽ തോക്കുമായി നിൽക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലെ പൃഥ്വിയുടെ കാമിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ ലുക്കിനും കയ്യടി ലഭിക്കുന്നുണ്ട്. ഇതേ ലുക്കിൽ പൃഥ്വിയുടെ ഒരു ആക്ഷൻ സിനിമ വന്നാൽ കലക്കും എന്നാണ് കമന്റുകൾ. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകന് ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് 'പള്ളിച്ചട്ടമ്പി' നിര്‍മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.
Content Highlights: Prithviraj's poster from Pallichattambi out now