ഈ സിനിമയ്ക്കായി ഭിക്ഷ എടുക്കാനും ഞാൻ തയ്യാറായിരുന്നു, 10 പേർക്ക് ഇഷ്ടമായാലും ഞാൻ ഹാപ്പിയാണ്: വിഘ്‌നേശ് ശിവൻ

'ഭിക്ഷ എടുത്താണ് ഈ സിനിമ ഞാൻ ചെയ്തതെന്ന് പറയുന്നതിൽ എനിക്ക് ഒരു നാണക്കേടും ഇല്ല'

ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് ഇപ്പോൾ പുറത്തുവന്ന പ്രദീപ് ചിത്രം. ഭേദപ്പെട്ട അഭിപ്രായങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിഘ്‌നേശ് ശിവൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്.

'ഭിക്ഷ എടുത്താണ് ഈ സിനിമ ഞാൻ ചെയ്തതെന്ന് പറയുന്നതിൽ എനിക്ക് ഒരു നാണക്കേടും ഇല്ല. ഈ സിനിമ നന്നായി വരാനായി ഭിക്ഷ എടുക്കാൻ പോലും ഞാൻ തയ്യാറായിരുന്നു. ഒരുപാട് പേരോട് ഞാൻ അപേക്ഷിച്ചിട്ടുണ്ട്, കാലിൽ വീണിട്ടുണ്ട് പക്ഷെ അതിലൊന്നും എനിക്കൊരു പ്രശ്നമില്ല. ആ സിനിമ ഞാൻ തിയേറ്ററിൽ എത്തിച്ചു. അത് 10 പേർക്ക് ഇഷ്ടമായാലും ഞാൻ ഹാപ്പിയാണ്', വിഘ്‌നേഷിന്റെ വാക്കുകൾ. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും അനിരുദ്ധിന്റെ മ്യൂസിക്കിനും പോസിറ്റീവ് പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. പ്രദീപ് രംഗനാഥൻ തുടർച്ചയായി നാലാമത്തെ ഹിറ്റടിച്ചു എന്നാണ് എക്സിൽ പലരും കുറിക്കുന്നത്. ചിത്രത്തിന്റെ വിഷ്വലുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം, സിനിമയുടെ തിരക്കഥ പലയിടത്തും പാളിപ്പോകുന്നുണ്ടെന്നും ലാഗ് അനുഭവപ്പെടുന്നുണ്ട് എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു തീമിനെ അവതരിപ്പിച്ചതിൽ സംവിധയകാൻ വിഘ്‌നേശ് ശിവന് കയ്യടി ലഭിക്കുന്നുണ്ട്.

"It's a promise, I have literally begged & made #LIK. I don't have any shame in saying that. Ethanaiyo per kitta Kenjiruken & Kaal la kuda vilundhuruken. I have done all this for my child #LIK. I'm happy even it's liked by even 10 members"- #VigneshShivanpic.twitter.com/rKaFROrpqC

പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Content Highlights: I was ready to beg for this film, I am happy even if 10 people like it: Vignesh Shivan

To advertise here,contact us