ജനനായകൻ ഇന്റർനെറ്റിൽ; മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പാണ് ലീക്കായത്

സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു

വിജയ് ചിത്രം ജനനായകൻ ഇന്റർനെറ്റിൽ. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. പുതിയ ഒടിടി ഡീലിനായുള്ള ചർച്ചകൾക്കായി ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ.

Content Highlights: Vijay film Jananayagan leaked on internet, fans shocked

To advertise here,contact us