ബജറ്റ് 4000 കോടി, രൺബീറിന് 150 കോടി, അപ്പോൾ യഷിനോ?; ചർച്ചയായി രാമായണ താരങ്ങളുടെ പ്രതിഫലം

ചിത്രത്തിന്റെ ഒടിടി റൈറ്റ്സിനായി നിർമാതാവ് നമിത് മൽഹോത്രയ്ക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ട്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സിനായി നിർമാതാവ് നമിത് മൽഹോത്രയ്ക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഈ ഡീൽ നിർമാതാക്കൾ നിരസിച്ചെന്നും 1000 കോടിയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മൽഹോത്ര പറയുന്നത്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. സിനിമയുടെ മറ്റു റൈറ്റ്സുകൾ വഴി ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിക്കാൻ ആണ് നിർമാതാക്കളുടെ ഉദ്ദേശം എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്.

രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ. ചില ഷോട്ടുകൾ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്‌സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങൾ.

Content Highlights: Remunaration received by Ranbir kapoor and yash in Ramayana movie

To advertise here,contact us