ഇത്തവണയും ഹിറ്റടിക്കുമോ?, സേതുരാമയ്യർ ആറാം ഭാഗം വരുന്നു, അപ്‌ഡേറ്റുമായി കെ മധു

ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് സിബിഐ സീരിസ്. മമ്മൂട്ടി സേതുരാമയ്യർ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരിസിൽ ഇതുവരെ അഞ്ച് സിനിമകൾ ആണ് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകളും വലിയ വിജയമാണ് നേടിയത്. സിബിഐ സീരിസിലെ ആറാമത്തെ സിനിമ പുറത്തുവരാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിൽ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു.

'സിബിഐയുടെ അഞ്ച് ഭാ​ഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാ​ഗവും ഇഷ്ടപ്പെട്ടോ. ആറാം ഭാ​ഗം കാണണമോ. എന്നാൽ ഉടനെ വരും. സിനിമ ഉടനെ പ്രതീക്ഷിക്കാം', എന്നാണ് ഒരു പൊതുപരിപാടിയിൽ വെച്ച് കെ മധു പറഞ്ഞത്. ആദ്യ അഞ്ച് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ ആകും ഈ ആറാം ഭാഗം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. സിബിഐയുടെ ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് കെ മധു ആണ്. എസ് എൻ സ്വാമി ആണ് ഈ സീരിസിലെ എല്ലാ സിനിമകളുടെയും തിരക്കഥ ഒരുക്കിയത്. ആറാം ഭാഗവുമായി സേതുരാമയ്യർ എത്തുമ്പോൾ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന് പലരും എക്സിലൂടെ കുറിക്കുന്നത്.

സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദി ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സേതുരാമയ്യർ ആയുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും സിനിമയുടെ മേക്കിങ്ങും തിരക്കഥയും മറ്റു പ്രകടനങ്ങളും വിമർശനത്തിനിരയായി. ആഗോള ബോക്സ് ഓഫീസിൽ നിന്നും 37 കോടി രൂപ സിനിമ നേടിയിരുന്നു. രഞ്ജി പണിക്കര്‍, സുദേവ്, ആശ ശരത്ത് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു സിബിഐ 5. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989-ല്‍ ജാഗ്രത, 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.

Content Highlights: Mammootty starring cbi series 6th part coming soon says k madhu

To advertise here,contact us