അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്, പക്ഷെ മലയാളത്തിൽ അല്ല: ധ്യാൻ ശ്രീനിവാസൻ

അല്ലുവിനെ നായകനാക്കി ബേസിൽ ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു

നടനായും സംവിധായകനായും തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. മികച്ച അഭിനയം കാഴ്ചവെക്കുന്നതിന് ഒപ്പം ഗംഭീര സംവിധായകൻ കൂടിയാണ് അദ്ദേഹം. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങി ബേസിൽ സംവിധാനം ചെയ്ത സിനിമകൾ എല്ലാം വലിയ ജനപ്രീതി നേടിയവയാണ്. ഇപ്പോഴിതാ ബേസിലിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

'അടുത്ത വർഷം ബേസിൽ ഒരു ബ്രഹ്മാണ്ഡ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മലയാളത്തിൽ അല്ല എന്ന് മാത്രം പറയാം', എന്നാണ് ധ്യാനിന്റെ വാക്കുകൾ. നേരത്തെ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹച്ചടങ്ങിന് ബേസിൽ എത്തിയതിന് പിന്നാലെ അല്ലുവിനെ നായകനാക്കി ബേസിൽ ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ രൺവീർ സിങ്ങിനെ നായകനാക്കി ചെയ്യാനിരുന്ന ശക്തിമാൻ എന്ന സിനിമയാണ് അല്ലുവിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ഒരുക്കുന്നത് എന്നാണ് ചർച്ചകൾ. അതേസമയം, അതിരടി ആണ് ഇനി പുറത്തുവരാനുള്ള ബേസിൽ ചിത്രം.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ്-ടോവിനോ തോമസ്-വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. സാം ബോയ് എന്ന പേരിൽ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക.

Content Highlights: Basil joseph is going to direct a big canvas film next year says dhyan sreenivasan

To advertise here,contact us