നിങ്ങൾ നിരാശയിലാണെന്ന് എനിക്കറിയാം, പത്ത് ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് എത്തും: കറുപ്പിനെക്കുറിച്ച് ആർ ജെ ബാലാജി

'നിങ്ങൾ എല്ലാവരും നിരാശയിലാണെന്ന് എനിക്കറിയാം. ഞാൻ ഉറപ്പ് തരുന്നു ഈ സിനിമ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും'

എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. സൂര്യയാണ് സിനിമയിൽ നായകനായി എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും അടുത്തിടെ വന്നിരുന്നില്ല. ഇത് സൂര്യ ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സംവിധായകൻ ആർ ജെ ബാലാജി പറയുന്ന വീഡിയോ വൈറലാകുകയാണ്.

'നിങ്ങളുടെ കാത്തിരിപ്പുകൾ ഉടൻ അവസാനിക്കും. ഇനിയും ഒരുപാട് ടൈം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമ എപ്പോൾ റിലീസ് ചെയ്യുമെന്ന അപ്ഡേറ്റുമായി ഞാൻ ഉടൻ വരും. പത്ത് ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് വരും. ഏപ്രിൽ 10 ന് സിനിമ പുറത്തിറങ്ങുമെന്ന് ഒരുപാട് അപ്‌ഡേറ്റുകൾ കണ്ടു പക്ഷേ അന്ന് അല്ല സിനിമ വരുന്നത്. സംവിധായകനും നിർമാതാവും തമ്മിൽ അടിയാണ്, ഞാൻ എസ് ആർ പ്രഭുവിനെ അടിക്കുന്ന വീഡിയോ, ഞാൻ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നു, എനിക്കും മ്യൂസിക് ഡയറക്ടർക്കും ഇടയിൽ അടിയാണ് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിങ്ങൾ എല്ലാവരും നിരാശയിലാണെന്ന് എനിക്കറിയാം. ഞാൻ ഉറപ്പ് തരുന്നു ഈ സിനിമ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും', ആർ ജെ ബാലാജിയുടെ വാക്കുകൾ.

അടുത്തിടെ റീലീസ് ചെയ്ത നടന്റെ കങ്കുവ, റെട്രോ തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായിരുന്നില്ല. അതിനാൽ തന്നെ കറുപ്പിലൂടെ സൂര്യയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Content Highlights: Suriya film Karuppu update will come in 10 days says RJ balaji

To advertise here,contact us