വയലന്റായി ഇറങ്ങി ഓടുമായിരുന്നു, അഭിനയം തുടർന്നില്ലായിരുന്നു എങ്കിൽ ഞാനൊരു മെന്റൽ പേഷ്യൻ്റ് ആയേനെ: ദേവി അജിത്

'അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ വേണ്ടി ഡോക്ടർ‌മാർ നിർദേശിച്ചപ്രകാരമാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്'

ആക്ഷൻ ഹീറോ ബിജു, ഗപ്പി, ഗൗതമന്റെ രഥം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി അജിത്. നന്നേ ചെറുപ്പത്തില്‍ ഏഷ്യാനെറ്റിന്‍റെ ഷോ ആയ പാട്ടുപെട്ടിയിലൂടെ ആയിരുന്നു ദേവി അജിത്തിന്‍റെ തുടക്കം. പിന്നീട് മഴ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. സിനിമ നിര്‍മ്മാതാവായ അജിത്തായിരുന്നു ദേവി അജിത്തിന്റെ ഭർത്താവ്. ജയറാം നായകനായ ദി കാര്‍ എന്ന തന്റെ ആദ്യ സിനിമ നിര്‍മ്മിച്ച് തിയേറ്ററിലെത്തിക്കും മുമ്പ് അജിത്ത് മരണപ്പെട്ടു. ഭർത്താവിന്റെ മരണത്തിന് ശേഷമുള്ള കാലഘട്ടത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ദേവി അജിത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവി അജിത് ഇതിനെക്കുറിച്ച് മനസുതുറന്നത്‌.

'18 വയസ്സില്‍ വിവാഹിതയായ ആളാണ് ഞാന്‍. 24 വയസ്സില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അജി നിര്‍മ്മിച്ച ‘ദി കാർ’ സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേർന്നാണ് തീർത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസികമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാൻ കണ്ടിട്ടില്ല. ഷോക്കിലായിരുന്ന ഞാന്‍ ഒന്നര മാസം കിടപ്പിലായിരുന്നു. അക്കാലയളവില്‍ ഞാന്‍ ഒന്നും അറി‍ഞ്ഞിട്ടില്ല.

അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാൻ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ വേണ്ടി ഡോക്ടർ‌മാർ നിർദേശിച്ചപ്രകാരമാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റായി പോകുമായിരുന്നു.

അന്ന് ഹിസ്റ്റിരീയ വന്നപ്പോൾ പ്രോപ്പർ സൈക്കാട്രിക്ക് മരുന്നുകൾ അല്ല ഞാൻ എടുത്തിരുന്നത്. തെറ്റായ മരുന്നുകളാണ് കഴിച്ചതെന്ന് 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മനസിലാക്കിയത്. അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയില്ല. 2 വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം സീഷര്‍ എന്ന് പറയുന്ന നെര്‍വ് അറ്റാക്ക് വന്നു. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആയി. അത് പെട്ടെന്ന് സംഭവിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് വന്നത്. എനിക്ക് എന്തോ ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് ആളുകള്‍ കരുതി. പക്ഷേ ശാരീരികമായി എനിക്ക് ഒരു പ്രശ്നവും ഇല്ല. സീഷര്‍ എന്ന് പറയുന്നത് കുട്ടികള്‍ക്കും വരുന്ന സംഭവമാണ്', ദേവി അജിത്തിന്റെ വാക്കുകൾ.

Content Highlights: Devi ajith talks about her health condition after her husband's death and how she dealt with it

To advertise here,contact us